ആലപ്പുഴ: മകനും ജില്ലാ പഞ്ചായത്ത് മുൻ ഉപാധ്യക്ഷനുമായ ബിബിൻ സി ബാബു ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ പാർട്ടി പ്രവർത്തനം നിർത്തുകയാണെന്ന് അറിയിച്ച് സി.പി.എം കായംകുളം ഏരിയ കമ്മിറ്റി അംഗവും 15 വർഷം പാർട്ടിയുടെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അമ്മ പ്രസന്നകുമാരി.
സി.പി.എമ്മിൽ നേരിടുന്നത് കടുത്ത ആക്ഷേപവും അവഗണനയുമാണെന്നും അവർ കുറ്റപ്പെടുത്തി. താൻപോരിമയാണ് പാർട്ടി നേതാക്കളുടെ മനോഭാവം. നേതാക്കൾക്കുള്ളത് സ്വന്തം താത്പര്യം മാത്രമാണ്. മൂന്നുവർഷമായി പാർട്ടിയിൽ അവഗണന നേരിടുന്നു. പരാതി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയില്ല. തന്നെ കള്ളക്കേസിൽ കുടുക്കിയത് ബിപിൻ ബി.ജെ.പിയിൽ പോയതിന്റെ പ്രതികാരമാണ്. താൻ പരാതിക്കാരിയായ ബിപിന്റെ ഭാര്യക്കൊപ്പം താമസിച്ചിട്ടുപോലുമില്ലെന്നും പ്രസന്നകുമാരി അവകാശപ്പെട്ടു.
സി.പി.എമ്മിന്റെയും വിവിധ പോഷക സംഘടനകളുടെയും ജില്ലാ-സംസ്ഥാന നേതൃപദവിയിലിരുന്ന നിലവിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ബിപിൻ സി ബാബു ഈയിടെയാണ് സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ഇതിന് പിന്നാലെ ഭാര്യ ബിപിനും അമ്മ പ്രസന്നകുമാരിക്കുമെതിരെ സ്ത്രീധന പീഡന പരാതി നൽകിയിരുന്നു. ഇതിൽ ബിപിനെ ഒന്നാം പ്രതിയും പ്രസന്നകുമാരിയെ രണ്ടാം പ്രതിയുമായി ആലപ്പുഴ കരീലക്കുളങ്ങര പോലീസ് കേസെടുത്തിട്ടുണ്ട്. ബിപിൻ പത്തുലക്ഷം സ്ത്രീധനം വാങ്ങിയതും മർദ്ദിച്ചതുമടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് ഭാര്യ പരാതിയിൽ ഉന്നയിച്ചത്. ബിപിന്റെ പരസ്ത്രീ ബന്ധം അടക്കമുള്ള വിഷയങ്ങളും പരാതിക്കാരി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സ്ത്രീധന പീഡന പരാതിയിൽ ബിപിൻ സി ബാബുവിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് പാർട്ടി പ്രവർത്തനം നിർത്തുകയാണെന്ന് സി.പി.എം നേതാവ് കൂടിയായ അമ്മ പ്രസന്നകുമാരി അറിയിച്ചിരിക്കുന്നത്.