കൊല്ലം: മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായിരിക്കുകയാണ്. ഇതിനിടെ കൊല്ലം എംഎൽഎയായ എം മുകേഷിന്റെ സാന്നിദ്ധ്യം സമ്മേളനത്തിൽ ഇല്ലാത്തത് ശ്രദ്ധനേടുകയാണ്. മുകേഷ് സിനിമാ ചിത്രീകരണത്തിലായതിനാലാണ് സമ്മേളനത്തിൽ പങ്കെടുക്കാത്തതെന്നാണ് വിവരം.
അതേസമയം, മുകേഷും പാർട്ടിയുമായുള്ള ഭിന്നതകളാണ് അസാന്നിദ്ധ്യത്തിന് കാരണമായി പല കോണുകളിലും നിന്നും വ്യാഖ്യാനം ഉയരുന്നത്. മുകേഷിന്റെ മണ്ഡലത്തിലാണ് സമ്മേളന നഗരി. പ്രചാരണവുമായി ബന്ധപ്പെട്ട ഒരു വീഡിയോ പങ്കുവച്ചതല്ലാതെ സാമൂഹ്യമാദ്ധ്യമങ്ങളിലും എംഎൽഎ സമ്മേളനവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കുവയ്ക്കാത്തതും ചർച്ചയാകുന്നുണ്ട്. ലൈംഗികാരോപണക്കേസിനെ തുടർന്ന് മുകേഷിന് പാർട്ടിയിൽ അപ്രഖ്യാപിത വിലക്കുണ്ടെന്നും വിവരമുണ്ട്. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. ജില്ലാ സമ്മേളനത്തിലും മുകേഷിനെതിരെ വിമർശനം ഉയർന്നിരുന്നു.
മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം അടുത്തിടെയാണ് കുറ്റപത്രം സമർപ്പിച്ചത്. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. പരാതിയിൽ എംഎൽഎക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ട്. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.