- തിരുത്താനില്ല, പാർട്ടിയും മുഖ്യമന്ത്രിയുടെ പാവയെന്ന് വിമർശം
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ പുഴുക്കുത്തുകൾക്കും മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിക്കുമെതിരേ രൂക്ഷമായ ആരോപണങ്ങൾ ഉയർത്തിയ ഇടത് എം.എൽ.എ പി.വി അൻവറിനെതിരേ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും. മുഖ്യമന്ത്രി പിണറായി വിജയൻ അൻവറിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച് രംഗത്തുവന്നതിന് പിന്നാലെയാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും പ്രസ്തുത വഴിക്കു നീങ്ങിയത്.
അൻവർ ഉന്നയിച്ച ഗുരുതരമായ വിഷയങ്ങൾ പാർട്ടി സമ്മേളനങ്ങളിലും പൊതുസമൂഹത്തിലും പാർട്ടിക്കെതിരേ കടുത്ത വെല്ലുവിളിയും ആയുധവുമായി മാറുന്ന സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന. അൻവർ ഉയർത്തിയ പ്രശ്‌നങ്ങൾ പരിശോധിക്കേണ്ടതും പുഴുക്കുത്തുകൾ പരിഹരിക്കേണ്ടതുമാണെന്ന കാര്യത്തിൽ പാർട്ടി പ്രവർത്തകർക്കും പല നേതാക്കൾക്കും അഭിപ്രായ വ്യത്യാസമില്ലെങ്കിലും ഇത് പൊതുസമൂഹത്തിൽ അനാവശ്യമായ ചർച്ചയാക്കുന്ന നിലപാടിനോട് യോജിപ്പില്ലെന്നാണ് പറയുന്നത്. ഇത് പാർട്ടി ശത്രുക്കൾക്ക് ആയുധം നൽകുന്ന പണിയാണെന്ന് ആരോപിച്ചാണ് സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയുടെ വഴിക്കുതന്നെ നീങ്ങിയത്.
പാർട്ടി സംവിധാനങ്ങൾക്കും മുഖ്യമന്ത്രിക്കുമെല്ലാം അപ്പുറം വളർന്ന വമ്പൻ സ്രാവുകളെ നിലക്കുനിർത്താൻ ഇതല്ലാതെ വഴിയില്ലെന്ന ഘട്ടത്തിലാണ് ഭരണകക്ഷി എം.എൽ.എ കൂടിയായ അൻവർ രംഗത്തുവന്നതെന്നതും ശ്രദ്ധേയമാണ്. എന്തായാലും അൻവറിനൊപ്പം മുഖ്യമന്ത്രി മാത്രമല്ല, പാർട്ടിയും ഇല്ലെന്ന കൃത്യമായ സന്ദേശം നൽകി, മുഖ്യമന്ത്രിക്കെതിരേ പുകയുന്ന അസംതൃപ്തരെ കൂടി കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് സി.പി.എം നീക്കം. ഇതിൽ പാർട്ടിക്കൊപ്പം നിൽക്കാത്തവർക്ക് കടുത്ത മുന്നറിയിപ്പുകൂടിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇപ്പോൾ പാർട്ടിയിൽ നടക്കുന്ന നീക്കങ്ങളെന്നാണ് വിലയിരുത്തൽ.
എന്നാൽ, ഒരു പൊതുപ്രവർത്തകൻ ഉയർത്തിയ ഗൗരവമാർന്ന ആരോപണങ്ങളെ അതിന്റെ മെറിറ്റിൽ കാണുന്നതിനു പകരം ‘പറഞ്ഞ രീതി ശരിയായില്ലെന്നു’ പറഞ്ഞ് സർക്കാറിനെ തിരുത്താനല്ല, പാർട്ടിയും മുഖ്യമന്ത്രിയുടെ വഴിയെ ആരോപണവിധേയരെ സംരക്ഷിക്കുന്ന നിലപാടിലേക്കാണ് പോകുന്നതെന്ന വിമർശവും ശക്തമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പാണ് ഇക്കാലമത്രയും ഏറ്റവും കൂടുതൽ സർക്കാറിനും പാർട്ടിക്കും തലവേദന ഉണ്ടാക്കിയതെന്നിരിക്കെ, ആരോപണങ്ങളെ മുൻവിധിയോടെ കാണുന്ന സമീപനമാണ് മുഖ്യമന്ത്രിക്കും പാർട്ടിക്കുമെന്നും പാർട്ടിയിലും മുന്നണിക്കകത്തും പൊതുസമൂഹത്തിലും ശക്തമായ വിമർശങ്ങളുണ്ട്. ഇത് തിരുത്താതെ, ഇനിയും മുഖ്യമന്ത്രിക്കു സിന്ദാബാദ് വിളിക്കാനാണ് നേതൃത്വത്തിന്റെ നീക്കമെങ്കിൽ വൻ തിരിച്ചടിയാണ് പാർട്ടിയും മുന്നണിയും നേരിടാനിരിക്കുന്നതെന്ന മുന്നറിയിപ്പും സമൂഹമാധ്യമങ്ങളിലുണ്ട്. പാർട്ടി സമ്മേളനങ്ങളിലും ഈയൊരു വികാരം ഉയരുന്നത് ഇല്ലാതാക്കാൻ കൂടിയാണ് സെക്രട്ടേറിയറ്റ് പത്രക്കുറിപ്പെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
അതിനിടെ, മുഖ്യമന്ത്രിയും കൂട്ടരും വലിയ ആളും അർത്ഥവും നൽകി, പരിധിവിട്ട് സംരക്ഷിച്ച പി.വി അൻവറും തവനൂർ എം.എൽ.എ കെ.ടി ജലീലും കൊടുവള്ളി മുൻ എം.എൽ.എ കാരാട്ട് റസാഖ് അടക്കമുള്ളവരെ നിലക്കുനിർത്താൻ വൈകിയെങ്കിലും നടപടി ഉണ്ടാകുന്നതിൽ സന്തോഷം പ്രകടിപ്പിക്കുന്നവരും പാർട്ടിയിലുണ്ട്. പാൽ കൊടുത്ത കൈകളെ തിരിച്ചുകൊത്തുന്നതാണിപ്പോൾ കാണുന്നതെന്നാണ് ഇവർ പറയുന്നത്. ഒപ്പം പാർട്ടിയിലെയും ഭരണത്തിലെയും ശുദ്ധീകരണ പ്രക്രിയയ്ക്ക് നേതൃത്വം തീർത്തും സത്യസന്ധവും നീതിപൂർവകവുമായ തീരുമാനം കൈക്കൊള്ളണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ആരോപണങ്ങളെ വസ്തുനിഷ്ഠമായി സമീപിക്കാനും എത്ര ഉന്നതനായാലും മുഖം നോക്കാതെ പാർട്ടി നടപടി എടുക്കുമെന്ന ഒരു വിശ്വാസം പ്രവർത്തകരിൽ ഉണ്ടാക്കാനും നേതൃത്വത്തിന് വിവേകമുണ്ടാവുമോ എന്നും ഇവർ ചോദിക്കുന്നു. അല്ലാത്തപക്ഷം പാർട്ടിയെയും സർക്കാറിനെയും കാത്തിരിക്കുന്നത് വൻ ദുരന്തമായിരിക്കുമെന്നും റാൻമൂളി സംഘത്തെ ഇഷ്ടപ്പെടാത്തവർ മുന്നറിയിപ്പ് നൽകുന്നു. വിഭാഗീയത നിലനിന്ന കാലത്ത് വി.എസിനെതിരെ പാർട്ടി സംഘടനാ സംവിധാനം ഒറ്റക്കെട്ടായി നിർത്താൻ കാണിച്ച കുരുട്ടു ബുദ്ധി വീണ്ടും വിജയിച്ചാൽ പാർട്ടിയുടെ തിരുത്തൽ ശേഷി പൂർണമായും ഇല്ലാതാവുമെന്നും ഇത് വൻ അപകടത്തിലേക്ക് നയിക്കുമെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, പാർട്ടിയേയും മുന്നണിയേയും ദുർബലപ്പെടുത്തുന്ന നടപടിയാണ് അൻവറിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്നുമാണ് സി.പി.എമ്മിന്റെ ആവശ്യം.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ രൂപം ഇങ്ങനെ:
നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എൽ.എ എന്ന നിലയിലാണ് നിയമസഭയിലും, നിലമ്പൂർ മണ്ഡലത്തിലും പ്രവർത്തിച്ചുവരുന്നത്. അദ്ദേഹം സി.പി.ഐ (എം) പാർലമെന്ററി പാർടി അംഗവുമാണ്.
ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അദ്ദേഹം മുഖ്യമന്ത്രിയുടെ മുൻപാകെ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാർടി സംസ്ഥാന സെക്രട്ടറിക്കും നല്കിയിട്ടുണ്ട്. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സർക്കാരിന്റെ അന്വേഷണത്തിലും, പാർടി പരിശോധിക്കേണ്ട വിഷയങ്ങൾ പാർടിയുടെ പരിഗണനയിലുമാണ്. വസ്തുതകൾ ഇതായിരിക്കെ ഗവണ്മെന്റിനും, പാർടിക്കുമെതിരെ അദ്ദേഹം തുടർച്ചയായ ആരോപണങ്ങൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവരികയാണ്. പി.വി അൻവർ എം.എൽ.എയുടെ ഈ നിലപാടിനോട് പാർടിക്ക് യോജിക്കാൻ കഴിയുന്നതല്ല.
പി.വി അൻവർ എം.എൽ.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകൾ പാർടി ശത്രുക്കൾക്ക് ഗവണ്മെന്റിനേയും, പാർടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകൾ തിരുത്തി പാർടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്നും പിന്തിരിയണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.