മലപ്പുറം – സി പി എമ്മിനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സി.പിഎമ്മിന്റെ മുസ്ലീം വിരുദ്ധ പ്രചാരണം ബി ജെ പിക്ക് ഗുണം ചെയ്തു. സമസ്തയെ രാഷ്ട്രീയക്കവലയിലേക്ക് വലിച്ചിഴക്കാന്‍ സി പി എം ശ്രമിച്ചെന്നും ലീഗും സമസ്തയും തമ്മിലുള്ള ഹൃദയബന്ധത്തെ കുറിച്ച് സി പി എമ്മുകാര്‍ ഇനിയും പഠിക്കാനുണ്ടെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറയാനില്ലെങ്കില്‍ പല കുതന്ത്രങ്ങളും സി പി എം പുറത്തെടുക്കാറുണ്ടെന്നും ഇത്തവണ കരീംക്കയും കാഫിര്‍ സ്‌ക്രീന്‍ ഷോട്ടും ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. സമസ്തയെ രാഷ്ട്രീയക്കവലയിലേക്ക് വലിച്ചിഴക്കാനായിരുന്നു ശ്രമം. സമസ്തയെ ശിഥിലമാക്കാന്‍ മോഹമുണ്ടായി. ഇതിനെല്ലാം വലിയ പ്രഹരമാണ് സി പി എമ്മിനുണ്ടായത്. ഇടതില്ലെങ്കില്‍ ലീഗ് രണ്ടാം പൗരന്‍മാരാകുമെന്നൊക്കെ തമാശയാണ് . ലോകത്ത് മുസ്ലീം വിഭാഗത്തിന് പ്രയാസമുണ്ടാവുമ്പോള്‍ പ്രസ്താവന ഇറക്കുന്ന സി പി എം സദ്ദാം ഹുസൈനെയും പലസ്തീനെയും കാട്ടി മുസ്ലിം വോട്ട് തട്ടാന്‍ ശ്രമിക്കാറുണ്ട് . കേരളത്തില്‍ മാത്രം സച്ചാര്‍ സമിതി റിപ്പോര്‍ട്ട് അട്ടിമറിച്ചതും മുസ്ലീം സംവരണം വെട്ടിക്കുറച്ചതും സി പി എം സര്‍ക്കാറുകളാണ്. ഇസ്ലാമോഫോബിയയാണ് പിണറായി പോലീസിന്റെ മുഖമുദ്ര. കൊലക്കേസ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതില്‍ പോലും ഈ വിവേചനം പ്രകടമാണ്. ലോകസഭാ തെരഞ്ഞെടുപ്പില്‍
സി പി എം വിതയ്ക്കുന്നത് ബി ജെപി യാണ് കൊയ്യുന്നത്. ലീഗിന്റെ സ്വാധീന മേഖലകളില്‍ ഒന്നും ബി.ജെ പിക്ക് വോട്ട് ലഭിച്ചിട്ടില്ല. സംഘപരിവാറിനെ ആശയപരമായി പ്രതിരോധിക്കാന്‍ സാധിക്കുമെന്നതിന്റെ തെളിവാണിതെന്നും പാണക്കാട് തങ്ങള്‍ പറഞ്ഞു.