പാലക്കാട്: പാർട്ടി അച്ചടക്ക നടപടി നേരിട്ട സി.പി.എം നേതാവും ഷൊർണൂർ മുൻ എം.എൽ.എയുമായ പി.കെ ശശിയെ രണ്ടു പദവികളിൽനിന്ന് കൂടി നീക്കി. എന്നാൽ, കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുന്നത് സർക്കാർ തീരുമാനിക്കട്ടെ എന്നാണ് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടത്.
സി.ഐ.ടി.യു പാലക്കാട് ജില്ലാ പ്രസിഡന്റ്, ചുമട്ടു തൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണിപ്പോൾ ശശിയെ നീക്കിയത്. പകരം സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എൻ മോഹനനായിരിക്കും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സ്ഥാനം വഹിക്കുക.
അഴിമതി നടത്തിയെന്ന അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെത്തുടർന്നാണ് ആഗസ്തിൽ പി.കെ ശശിക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽനിന്നും നീക്കം ചെയ്യാനായിരുന്നു സംസ്ഥാന നേതൃ തീരുമാനം. ലൈംഗിക ആരോപണം അടക്കമുള്ള വിഷയങ്ങളിൽ പി.കെ ശശിക്കെതിരെ എടുത്ത അച്ചടക്ക നടപടിക്ക് സംസ്ഥാന നേതൃത്വം നേരത്തെ അംഗീകാരം നൽകിയിരുന്നു. അതിന്റെ തുടർച്ചയാണ് പുതിയ നടപടി.
ശശിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തക പീഡന പരാതി നൽകിയതോടെ ശശിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു മുമ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. രണ്ടുവർഷത്തിനു ശേഷം പിന്നീട് സക്രട്ടേറിയറ്റിലേക്കു തിരിച്ചെടുത്തെങ്കിലും പിന്നീട് വിഭാഗീയതയുടെ പേരിൽ ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. തുടർന്ന്, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷൊർണൂരിൽ സീറ്റ് നിഷേധിച്ചിരുന്നു. എന്നാൽ ഇതിനു പകരമെന്നോണം പിന്നീട് പിണറായി സർക്കാർ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം നൽകി പരിഗണിക്കുകയായിരുന്നു.
ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നെല്ലാം പുറത്താക്കിയ പാർട്ടി കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തുനിന്നും ശശിയെ നീക്കണമെന്ന വികാരം പാർട്ടിയിലെ വലിയൊരു വിഭാഗത്തിൽ ശക്തമാണ്. എന്നാൽ, അത് തിടുക്കപ്പെട്ട് വേണ്ടെന്നാണ് പാർട്ടിയിലെ ചില ശശി ഭക്തരുടെ വികാരം. എന്നാൽ, സംസ്ഥാന നേതൃത്വം ഇതിന് എത്ര കണ്ട് വഴങ്ങുമെന്ന് വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കും.