പാലക്കാട്– ഷാഫി പറമ്പിൽ എംപിയെ അധിക്ഷേപിക്കുന്ന പ്രസ്താവനയുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. “ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി പറമ്പിൽ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കും” എന്ന് പരിഹാസത്തോടെ പറഞ്ഞ അദ്ദേഹം, കോൺഗ്രസ് നേതാക്കളെല്ലാം സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ‘അധ്യാപകർ’ ആണെന്ന് ആരോപിച്ചു. സ്ത്രീ വിഷയത്തിൽ മുസ്ലിം ലീഗിന്റെ നടപടികൾ മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ടാമൃഗത്തെക്കാൾ തൊലിക്കട്ടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് കാണിക്കുന്നതെന്നും ഇ.എൻ സുരേഷ് ബാബു പറയുകയുണ്ടായി. “സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫി പറമ്പിൽ” എന്ന് വിമർശിച്ചു. വി.ഡി. സതീശൻ രാഹുലിനെതിരെ നടപടി സ്വീകരിച്ചത് സഹിക്കെട്ടാണെന്നും, ‘കൊത്തി കൊത്തി മുറത്തിൽ കയറിയപ്പോൾ’ അനിവാര്യമാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് രാഹുലിനും അദ്ദേഹത്തിന്റെ ഓഫീസിനും സംരക്ഷണം നൽകിയത് കോൺഗ്രസ് നേതൃത്വമാണെന്നും, മരണവീട്ടിൽ ആവേശകരമായ സ്വീകരണം നൽകിയതും അതേ നേതൃത്വമാണെന്നും സൂചിപ്പിച്ചു. രാഹുലിനെ പേരിന് പുറത്താക്കിക്കൊണ്ടും പിന്നിലൂടെ സംരക്ഷണം നൽകിക്കൊണ്ടും കോൺഗ്രസ് പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
സതീശന്റെ വാക്കുകൾക്ക് ‘പുല്ല് വില’ മാത്രമാണ് കൊടുക്കുന്നത് എന്നും, രാഹുൽ മങ്കൂട്ടത്തിലിന്റെ ‘അഗ്നിശുദ്ധി’ വരുത്തണമെന്നും ലീഗ് ആവശ്യപ്പെടുമ്പോൾ കോൺഗ്രസ് എന്തുകൊണ്ട് അന്തസ് കാണിക്കുന്നില്ലെന്നും സുരേഷ് ബാബു ചോദിച്ചു. കുഞ്ഞാലികുട്ടിയുടെ കാര്യത്തിൽ ലീഗ് നേരത്തെ കാണിച്ച അന്തസ് കോൺഗ്രസ് എന്ത്കൊണ്ട് കാണിക്കുന്നില്ലെന്നും ഇ.എൻ സുരേഷ് ബാബു ചൂണ്ടിക്കാട്ടി. “പെൺകുട്ടികളുള്ള കോൺഗ്രസ് പ്രവർത്തകർ രാഹുലിനെ വീട്ടിലേക്ക് ക്ഷണിക്കുമോ? ആത്മാഭിമാനമുള്ളവർ വരേണ്ടെന്നേ പറയൂ” എന്ന് പരിഹസിച്ചു. മുകേഷ്, പി.കെ. ശശി എന്നിവരോടുള്ള ലൈംഗിക പരാതികളും രാഹുലിന്റെ കേസും ഒന്നായി കാണരുതെന്നും അദ്ദേഹം വാദിച്ചു.