- അൻവർ സംസാരിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കു വേണ്ടിയെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ്
മലപ്പുറം: തൃശൂർ പൂരം കലക്കി തെറ്റായ റിപോർട്ട് നൽകിയ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ തൊട്ടാൽ സർക്കാരിന് പൊള്ളുമെന്നും അതിനാലാണ് നടപടി എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഭയക്കുന്നതെന്നും നിലമ്പൂർ എം.എൽ.എ പി.വി അൻവർ.
അനധികൃത സ്വത്ത് സമ്പാദനത്തിൽ എ.ഡി.ജി.പിയെ സസ്‌പെൻഡ് ചെയ്യാൻ സർക്കാറിന് മതിയായ കാരണങ്ങളുണ്ട്. പക്ഷേ, അജിത് കുമാറിനെ തൊടാൻ സർക്കാരിന് കൈ വിറയ്ക്കുന്നു. തൊട്ടാൽ പലതും സംഭവിക്കുമെന്നും നടപടികളുണ്ടാകാത്ത സ്ഥിതിക്ക് ഇനി ഹൈക്കോടതി മാത്രമാണ് ആശ്രയമെന്നും പി വി അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് ഒന്നാംതരം വർഗീയ വാദിയാണെന്നും അൻവർ ആരോപിച്ചു. ഞാൻ നിസ്‌കരിക്കുന്നത് ഇയാൾക്ക് ഇഷ്ടമല്ല. ഇയാൾ പക്കാ ആർ.എസ്.എസുകാരനാണെന്നും മുസ്‌ലിം ആയതിനാലാണ് തന്നോടുള്ള വിരോധമെന്നും ഇയാൾക്കെതിരെ പലതും പറയാനുണ്ടെന്നും അത് നാളത്തെ പൊതുയോഗത്തിൽ വെളിപ്പെടുത്തുമെന്നും അൻവർ അറിയിച്ചു.
മോഹൻ ദാസ് രാവും പകലും ആർ.എസ്.എസിനു വേണ്ടിയാണ് മലപ്പുറത്ത് പ്രവർത്തിക്കുന്നത്. മതന്യൂനപക്ഷങ്ങൾക്ക് ഫണ്ട് കൊടുക്കലല്ല സർക്കാർ നിലപാടെന്നു പറഞ്ഞ് ഇ.എൻ മോഹൻദാസ് പല തവണ തടഞ്ഞു. ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളോടും സി.പി.എം ജില്ലാ സെക്രട്ടറിക്ക് കടുത്ത വിരോധമാണ്. ഇതുവരെ ഒരു സഹായവും സഭയുടെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നല്കിയില്ല. ആറും മാസം മുമ്പ് മോഹൻ ദാസിനെ ആർ.എസ്.എസ് ബന്ധത്തിന്റെ പേരിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് ഒരു സെക്രട്ടേറിയറ്റ് അംഗം കയ്യേറ്റം ചെയ്തിട്ടുണ്ട്. ചവിട്ടി വീഴ്ത്തി കോളറിന് പിടിക്കുകയായിരുന്നുവെന്നും അൻവർ വ്യക്തമാക്കി.
രാഷ്ട്രീയ നെക്‌സസിന്റെ ഭാഗമാണ് ഇ.എൻ മോഹൻദാസ്. നിലമ്പൂരിലെ എല്ലാ വികസനങ്ങളും മുടങ്ങാൻ കാരണം ജില്ലാ സെക്രട്ടറിയാണ്. താൻ നിയമസഭയിലേക്ക് പോകരുതെന്ന് ആഗ്രഹിച്ച ആളാണ് ഇയാൾ. മുഖ്യമന്ത്രി ഉൾപ്പടെ ആരും അന്ന് തന്റെ പ്രചാരണത്തിന് എത്തിയിരുന്നില്ല. തന്നെ ചവിട്ടിത്തേക്കാൻ ജില്ലാ സെക്രട്ടറി ആയിട്ടില്ല. മുൻ എസ്.പി സുജിത് ദാസിന്റെ പ്രിയപ്പെട്ടവനാണ് മോഹൻദാസ്. മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കാൻ സുജിത് ദാസ് ശ്രമിച്ചപ്പോൾ മോഹൻദാസ് അതിന് കൂട്ടുനിന്നുവെന്നും കുറ്റപ്പെടുത്തി.
പ്രതിഷേധങ്ങളിലൂടെ തന്നെ ഭയപ്പെടുത്താനാണ് എം.വി ഗോവിന്ദന്റെ ആഹ്വാനം. അതൊന്നും കണ്ട് കുലുങ്ങുന്നവനല്ല അൻവർ. പാർട്ടി പ്രവർത്തകരെയൊക്കെ കണ്ണുരുട്ടി ഭീഷണിപ്പെടുത്തുകയാണ്. പൊതുസമ്മേളനത്തിന് വന്നില്ലെങ്കിലും പാർട്ടി പ്രവർത്തകർ താൻ പറയുന്നത് കേൾക്കും. ബാരിക്കേഡ് ഇല്ലാത്ത ഒരുപാട് ആളുകൾ തന്റെ പരിപാടിയിലേക്ക് വരും. തന്നെ വർഗീയവാദിയായി ചിത്രീകരിക്കുന്നവർക്ക് പോയി പണി നോക്കാം. സോഷ്യൽ മീഡിയയിലെ ലൈക്ക് കണ്ട് ജീവിക്കുന്നവനല്ല താനെന്നും ബ്ലോക്ക് ക്യാമ്പയ്‌നിൽ പേടിയില്ലെന്നും അൻവർ ഓർമിപ്പിച്ചു.
അൻവർ സംസാരിക്കുന്നത് സ്വർണ്ണക്കടത്ത്, ഹവാല ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് വേണ്ടിയാണെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് ആരോപിച്ചു. മലപ്പുറത്തെ ഒരു പാർട്ടി പ്രവർത്തകനും അൻവറിന്റെ കൂടെയുണ്ടാവില്ല. അൻവർ മദയാനയെ പോലെയാണ് പെരുമാറുന്നത്. അൻവറിന് ഒരു നാവേയുള്ളൂ. പക്ഷേ, പാർട്ടിക്ക് ലക്ഷക്കണക്കിന് നാവുകളുണ്ട്. അത് അൻവർ ഓർത്താൽ നന്ന്.
അൻവറിപ്പോൾ വലതുപക്ഷത്തിന്റെ കോടാലിയായാണ് പ്രവർത്തിക്കുന്നത്. സ്വർണക്കള്ളക്കടത്തിൽ അൻവറിന് ഷെയറുള്ളതായി സംസാരമുണ്ട്. സ്വർണ്ണ കള്ളക്കടത്തുകാരെയും കാരിയർമാരെയും സംക്ഷിക്കേണ്ട ബാധ്യത അൻവറിനുണ്ട്. പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കാമെന്നും കുറച്ചു പേരെ അടർത്തിയെടുക്കാമെന്നതുമൊക്കെ അദ്ദേഹത്തിന്റെ വ്യാമോഹമാണ്. കേരള രാഷ്ട്രീയത്തിലെ എടുക്കാ പണ്ടമായി അൻവർ മാറും. അൻവറിന്റെ പൊതുയോഗത്തിന് ആളുകൂടിയേക്കും. അത് കൊണ്ടൊന്നും ആരേയും സി.പിഎമ്മിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ടെന്നും ഇ.എൻ മോഹൻ ദാസ് പറഞ്ഞു.