മലപ്പുറം: മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പൊളിട്ടിക്കൽ സെക്രട്ടറിക്കും പാർട്ടി നേതൃത്വത്തിനുമെതിരേ കടുത്ത രാഷ്ട്രീയ ബോംബിട്ട നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെതിരേ രാഷ്ട്രീയ ആക്രമണം അഴിച്ചുവിട്ട് പ്രതിരോധം തീർക്കാൻ സി.പി.എം രംഗത്ത്.
മുഖ്യമന്ത്രി പിണറായി വിജയനോ പാർട്ടി നേതൃത്വമോ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞിട്ടില്ലെങ്കിലും അൻവർ കൊളുത്തിയ തീ സമൂഹമാധ്യമങ്ങളിലും സംസ്ഥാന രാഷ്ട്രീയത്തിലും രൂക്ഷമായ അലയൊലികൾ ഉയർത്തുന്നുണ്ട്. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മന്ത്രിയുമായ വി ശിവൻകുട്ടി, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ മുൻ സെക്രട്ടറിയുമായ പി ജയരാജൻ, മുൻ മന്ത്രിയും മുതിർന്ന നേതാവുമായ എം.എം മണി, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്, പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുൻ പൊളിട്ടിക്കൽ സെക്രട്ടറിയുമായ എം.വി ജയരാജൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം തുടങ്ങിയവർ ഇതിനകം അൻവറിന്റെ ആരോപണങ്ങൾക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ ഘടകങ്ങളും നേതാക്കളും പാർട്ടിക്കായി രംഗത്തുവരുമെന്നതും ഉറപ്പാണ്.
മുഖ്യമന്ത്രി ആരോപണങ്ങളിൽ പ്രതികരിച്ചിട്ടില്ലെങ്കിലും വെള്ളിയാഴ്ച മറുപടി നൽകാമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാധ്യമങ്ങളെ അറിയിച്ചത്. അതിനിടെ ‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ടെ’ന്ന് അൻവറിന്റെ വീടിന് മുമ്പിൽ സി.പി.എം ഒതായി ബ്രാഞ്ച് കമ്മിറ്റിയുടെ പേരിൽ ഫളക്‌സ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ഫളക്‌സ് സ്ഥാപിച്ചത്.
അൻവറിനെതിരേ പാർട്ടി സംവിധാനം ഒന്നടങ്കം തിരിയുന്ന ഒരു സാഹചര്യത്തിന്റെ തുടക്കമായി വേണം ഇതിനെ കാണാൻ. പാർട്ടിക്കും മുഖ്യമന്ത്രിക്കുമെതിരേയുള്ള ആരോപണങ്ങളെ എന്തു വിലകൊടുത്തും ചെറുക്കാൻ നേതൃത്വം തയ്യാറാവുക സ്വാഭാവികമാണെങ്കിലും അൻവർ ഉന്നയിച്ച വിഷയത്തിന്റെ മർമത്തിലേക്കിറങ്ങി സത്യസന്ധവും വസ്തുനിഷ്ഠവുമായൊരു മറുപടിക്ക് നേതൃത്വം എത്ര കണ്ട് തയ്യാറാവും എന്നതാണ് ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം നേരിടുന്ന വെല്ലുവിളി. ഒപ്പം അൻവറിനെ എല്ലാവരും കൂടി വിമർശിച്ച് വലിയ ആളാക്കി താരപരിവേശത്തിന് അവസരം ഒരുക്കേണ്ടെന്ന് പറയുന്നവരും പാർട്ടിയിലുണ്ട്. എന്നാൽ, അൻവറിനെ പൊതുജനമധ്യേ തള്ളിപ്പറയുകയും പാർട്ടിക്കകത്ത് പ്രസ്തുത ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് ആത്മവിമർശം വേണമെന്ന് അഭിപ്രായമുള്ളവരും ഉണ്ട്.
എന്നാൽ, വലതുപക്ഷത്തിന്റെ കോടാലി കയ്യായി പി.വി അൻവർ മാറിയെന്നാണ് എം വി ജയരാജന്റെ വിമർശം. ഒക്കെത്തിരുന്ന് ചോര കുടിക്കുന്നത് പോലെ ആയിപ്പോയി അൻവറിന്റെ പ്രതികരണമെന്നും കോടിയേരി ബാലകൃഷ്ണനെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് നടത്തിയതെന്നുമാണ് എംവി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
അൻവറിന് വിശ്വാസം കള്ളക്കടത്തുകാരുടെയും സ്വർണക്കടത്തുകാരുടെയും മൊഴിയാണെന്നും അൻവർ വലതുപക്ഷത്തിന്റെ നാവായി മാറുകയാണെന്നുമാണ് എം സ്വരാജിന്റെ കുറ്റപ്പെടുത്തൽ. അൻവറിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ട്. ഇടതുപക്ഷം വിട്ട് പുറത്തുപോകാൻ അൻവർ കാരണങ്ങൾ ഉണ്ടാക്കുകയാണ്.
അൻവർ ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ അന്വേഷിച്ചുവരികയാണ്. കള്ളക്കടത്ത് സംഘങ്ങൾ പറയുന്നതനുസരിച്ച് ഭരിക്കാനാവില്ല. അന്വേഷണം പൂർത്തിയാകാൻ പോലും കാത്തുനിൽക്കാതെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും എം സ്വരാജ് പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.
താൻ നൽകിയ പരാതിയിൽ അന്വേഷണം കൃത്യമായി നടക്കുമെന്ന് പാർട്ടി നൽകിയ ഉറപ്പ് പാടെ ലംഘിച്ചുവെന്നും ഇന്നലെ വരെ പാർട്ടിയിൽ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഇപ്പോഴത് അവസാനിച്ചുവെന്നാണ് അൻവറിന്റെ കുറ്റപത്രം. ഇനി പരാതികളുമായി ഹൈക്കോടതിയിലേക്ക് പോകുമെന്നും കാട്ടുകള്ളനായ പി ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഇറക്കണമെന്ന് താൻ പിണറായി വിജയനെ നേരിട്ട് കണ്ട് പറഞ്ഞതാണെന്നും അൻവർ വ്യാഴാഴ്ച വെളിപ്പെടുത്തിയിരുന്നു.
പി ശശിയും എ.ഡി.ജി.പിയും ചതിക്കുമെന്ന് പറഞ്ഞശേഷം, എനിക്ക് ഒരു കാര്യമിപ്പോൾ പറയാനുണ്ടെന്ന് ഞാൻ പറഞ്ഞു. അപ്പോൾ മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് ‘നീ പറയൂ എന്ന് പറഞ്ഞു. 2021-ൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വന്നത് മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവം കൊണ്ടാണ്. ഞാൻ വരെ ജയിച്ചത് അങ്ങനെയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ, കത്തി ജ്വലിച്ചിരുന്ന ആ സൂര്യനിപ്പോൾ കെട്ടുപോയിട്ടുണ്ട്, കേരളത്തിലെ പൊതുസമൂഹത്തിൽ. നെഞ്ചിൽ തട്ടിയാണിത് പറയുന്നത്. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽനിന്ന് പൂജ്യത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. നാട്ടിൽ നടക്കുന്നത് മുഖ്യമന്ത്രി അറിയുന്നില്ല. എന്തിനേറെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അദ്ദേഹത്തിന്റെ മൂക്കിന് താഴെ കാട്ടിക്കൂട്ടിയത് പോലും അറിഞ്ഞില്ല. അഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രി പൂർണ പരാജയമാണ്. എ.ഡി.ജി.പി ആർ.എസ്.എസിനുവേണ്ടി ചെയ്യുന്നത് പ്രബഞ്ച സത്യം പോലെ വ്യക്തമാണ്. തൃശൂർ പൂരം എ.ഡി.ജി.പിയെക്കൊണ്ട് കലക്കിച്ചതാണ്. കേന്ദ്രസഹായം ആർക്കു വേണമോ അവരാണ് പൂരം കലക്കാൻ അജിത് കുമാറിന് നിർദേശം നൽകിയത്. 25 മുതൽ 30 ശതമാനം വരെ സാധാരണക്കാരായ ജനങ്ങൾക്കും കമ്മ്യൂണിസ്റ്റുകാർക്കും മുഖ്യമന്ത്രിയോട് വെറുപ്പാണ്. ഇതിനെല്ലാം മുഴുവൻ കാരണക്കാരൻ പി ശശിയാണെന്ന് അയാളുടെ കാബിൻ ചൂണ്ടി ഞാൻ പറഞ്ഞതാണ്. മുഖ്യമന്ത്രിയെ പാർട്ടിക്ക് തിരുത്താനാവുന്നില്ല. കോടിയേരി പാർട്ടി സെക്രട്ടറിയായിരുന്നെങ്കിൽ എനിക്ക് ഇത്തരമൊരു വാർത്താസമ്മേളനം നടത്തേണ്ടി വരുമായിരുന്നില്ല. കോടിയേരിയുടെ വിലാപയാത്ര പോലും വെട്ടിച്ചുരുക്കിയതിൽ പിണറായിയുടെയും കുടുംബത്തിന്റെയും വിദേശയാത്ര വില്ലനാണ്. ഞാൻ അറിഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞാൽ പാർട്ടി പ്രവർത്തകർ എ.കെ.ജി സെന്ററിന്റെ അടിത്തറ തോണ്ടുമെന്നും അതിനാൽ താൻ അതിലേക്ക് നീങ്ങുന്നില്ലെന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രി തന്നെ വഞ്ചിച്ചുവെന്നും പരാതിയിൽ അന്വേഷണം ശരിയായ വഴിക്കല്ലെന്നും സി.എം ചതിയനാണെന്നുമാണ് അൻവർ ആവർത്തിച്ചുന്നയിച്ചത്. സി.പി.എമ്മിനകത്തും പുറത്തും പലരും ഇത് ശരിവെക്കുന്നുണ്ടെങ്കിലും പരസ്യമായി അൻവറിനെ ന്യായീകരിക്കാനോ മുഖ്യമന്ത്രിയെ വിമർശിക്കാനോ ആരും തയ്യാറായിട്ടില്ലെന്നതാണ് വസ്തുത. അതിനാൽ തന്നെ പാർട്ടി സംവിധാനം ഉപയോഗിച്ച് ബ്രാഞ്ച് തലം തൊട്ട് സംസ്ഥാന തലം വരേ അൻവറിനും മാധ്യമങ്ങൾക്കുമെതിരേ പാർട്ടി അണികളെ അണിനിരത്താനാണ് നേതൃത്വം ശ്രമിക്കുക. സ്വർണ്ണക്കള്ളക്കടത്ത് കേസുകൾ സിറ്റിംഗ് ജഡ്ജിയെ വച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച അൻവർ, ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ച് കാര്യങ്ങൾ പറയുമെന്നും അറിയിച്ചിട്ടുണ്ട്.