- കോടതി നടപടികളിൽ തൃപ്തനാണെങ്കിലും മറ്റ് കാര്യങ്ങളിൽ തൃപ്തനല്ലെന്ന് സി.പി.എം നേതാവ് മലയാലപ്പുഴ മോഹനൻ
പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന്റെ കേസിലെ കോടതി നടപടികളിൽ തൃപ്തനാണെങ്കിലും മറ്റ് കാര്യങ്ങളിൽ തൃപ്തനല്ലെന്നും പി.പി ദിവ്യയെ പാർട്ടി കീഴ്ഘടകത്തിലേക്ക് തരം താഴ്ത്തണമെന്നും പത്തനംതിട്ടയിലെ സി.പി.എം നേതാവ് മലയാലപ്പുഴ മോഹനൻ ആവശ്യപ്പെട്ടു.
നവീൻ ബാബുവിന്റെ കുടുംബത്തിന് നിയമപരമായ നീതി കിട്ടുന്നുണ്ടെങ്കിലും മറ്റു കാര്യങ്ങളിൽ കൂടി നടപടി ഉണ്ടാകേണ്ടതുണ്ട്. കേസിലെ മുഖ്യ പ്രതി പി.പി ദിവ്യക്കെതിരെ പാർട്ടി നടപടിയെടുക്കണമെന്നും ഇക്കാര്യം പാർട്ടി ഗൗരവമായി ആലോചിക്കണമെന്നും മലയാലപ്പുഴ മോഹനൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദിവ്യക്കെതിരെ പാർട്ടി കർശന നടപടിയെടുക്കുമെന്നാണ് താൻ കരുതുന്നത്. വേദിയിലും അധികാരസ്ഥാനത്തുമിരുന്നുകൊണ്ട് ഇങ്ങനെ ചെയ്യുമ്പോൾ അത് പാർട്ടിയെ ദുരുപയോഗം ചെയ്യൽ തന്നെയാണ്. ഇത് പാർട്ടിക്കും ആളുകൾക്കും ഒരിക്കലും ഗുണം ചെയ്യില്ല. ഈ രാഷ്ട്രീയബോധം എല്ലാവർക്കും വേണം. കണ്ണൂരായാലും പത്തനംതിട്ടയിലായാലും, വലിയ നേതാവായാലും ചെറിയ നേതാവായാലും രാഷ്ട്രീയ ബോധം വേണമെന്നും മലയാലപ്പുഴ മോഹനൻ ഓർമിപ്പിച്ചു.
മുൻകൂർ ജാമ്യാപേക്ഷ തള്ളുംവരേയും പ്രതിയെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറാവാത്തതിനെതിരേ രൂക്ഷ വിമർശം ഉയർന്നെങ്കിലും സി.പി.എം അതൊന്നും ഗൗനിക്കാതെ തങ്ങൾ നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ആവർത്തിക്കുക മാത്രമാണ് ചെയ്തിരുന്നത്. രണ്ടാഴ്ചത്തെ പ്രതിയുടെ ഒളിവു ജീവിതത്തിന് വിരാമമിട്ട് നിർബന്ധിത അറസ്റ്റിലേക്ക് കാര്യങ്ങൾ നീണ്ടപ്പോഴും പ്രതിക്കാവശ്യമായ എല്ലാവിധ ‘പോലീസ് കരുതലും’ ഉറപ്പാക്കിയുള്ള സംരക്ഷണമാണ് സി.പി.എം നേതാവിന് നേതൃത്വവും സർക്കാറും ഉറപ്പാക്കിയത്. ഇത് സമൂഹമാധ്യമങ്ങളിലും പാർട്ടി പ്രവർത്തകരിലുമെല്ലാം കടുത്ത വിമർശങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു.