- എന്നും സത്യത്തിന് കൂടെയെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു
കണ്ണൂർ/പത്തനംതിട്ട: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ഒന്നാം പ്രതിയായി കേസെടുത്തതിന് പിന്നാലെ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ സ്ഥാനത്തുനിന്ന് നീക്കിയ നടപടിയിൽ പ്രതികരിച്ച് സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്വം.
‘സത്യം ഒന്നേയുള്ളൂ, സി.പി.എം എന്നും സത്യത്തിന് കൂടെയായിരുക്കുമെന്നു’മാണ് നടപടിയെക്കുറിച്ച് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പ്രതികരിച്ചത്. ബാക്കി കാര്യങ്ങളെല്ലാം പിന്നീട് എഫ്.ബിയിലൂടെ ആകാമെന്നും അദ്ദേഹം പറഞ്ഞു.
പി.പി ദിവ്യയെ ഇന്ന് രാത്രിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽനിന്നും നീക്കാൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് തിരുമാനിച്ചത്. പകരം കെ.കെ രത്‌നകുമാരിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, നിയമവഴിയിൽ താൻ നിരപരാധിത്വം തെളിയിക്കുമെന്നും നവീന്റെ വേർപാടിൽ വേദനയുണ്ടെന്നും ദിവ്യ പ്രതികരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശമനുസരിച്ച് പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വം ദിവ്യയിൽനിന്നും രാജി ചോദിച്ചുവാങ്ങിയതാണെന്നാണ് വിവരം.