തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തിരുത്തലുകള്‍ വാക്കിലും പ്രവൃത്തിയിലും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തലത്തില്‍ വേണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ഉൾപ്പാർട്ടി വിമര്‍ശനങ്ങൾ ഉൾക്കൊണ്ട് നിര്‍വ്യാജമായ തിരുത്തലാണ് വേണ്ടതെന്നും ബേബി പച്ചക്കുതിര മാസികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായമണിയാണ്. വാക്കും പ്രവൃത്തിയും ജീവിതശൈലിയും പ്രശ്നമായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണം.
ഇപ്പോൾ പാർലമെന്റിലുള്ളത് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഏറ്റവും ശോഷിച്ച സാന്നിധ്യമാണ്. നിരാശ പടര്‍ത്തുന്ന അവസ്ഥയാണിത്. ഇടതു സ്വാധീനത്തിൽ നിന്ന് പോലും വോട്ടുകൾ ബിജെപിയിലേക്ക് ചോരുന്ന അവസ്ഥ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്.
അതീവ ഗൗരവത്തോടെ ഇടപെടേണ്ട അവസ്ഥയാണിത്. പാര്‍ട്ടിയുടെ ബഹുജന സ്വാധീനത്തിൽ ചോർച്ചയും ഇടിവും സംഭവിച്ചു. ഇതിന് വാക്കും പ്രവൃത്തിയും ജീവിതശൈലിയും പ്രശ്നമായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം. ഉൾപ്പാര്‍ട്ടി വിമര്‍ശനങ്ങൾക്ക് ഇടമുണ്ടാകണം.
വിമര്‍ശനങ്ങൾ ഉൾക്കൊള്ളാനും തിരുത്താനും തയാറാകണം. ജനങ്ങളോട് പറയുന്നത് പോലെ ജനങ്ങൾ പറയുന്നത് കേൾക്കുകയും വേണം. അല്ലെങ്കിൽ ദുരവസ്ഥയ്ക്ക് പരിഹാരം കാണാനാകില്ല. ആവശ്യമായ തിരുത്തലുകൾ ക്ഷമാപൂർവം കൈക്കൊള്ളണമെന്നുംലേഖനത്തിലൂടെഎം.എ.ബേബി പറയുന്നു.