ആലപ്പുഴ -സി പി എം ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും. തെരഞ്ഞെടുപ്പ് തോൽവി അടക്കം പാർട്ടി പ്രതിസന്ധിയിലായ ഒട്ടേറെ സംഭവങ്ങളുണ്ടായെങ്കിലും സമ്മേളനത്തിലെയും നേതാക്കളോടുമുള്ള ഏറ്റുപറച്ചിൽ നാസറിന് തുണയായി. കായംകുളം എം എൽ എ യു പ്രതിഭ, മാവേലിക്കര എം എൽ എ എം എസ് അരുൺ കുമാർ എന്നിവരെ ജില്ലാകമ്മിറ്റിയിൽ ഉൾപ്പെടുത്തി. ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ, മാരാരിക്കുളം ഏരിയ സെക്രട്ടറി സി. രഘുനാഥ് എന്നിവരും പുതുതായി ജില്ലാ കമ്മിറ്റിയിലെത്തി. സമ്മേളനം 46 അംഗ ജില്ലാ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. നിലവിൽ 47 പേരാണുണ്ടായിരുന്നത്. ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. ജില്ലാ കമ്മിറ്റിയിലുണ്ടായിരുന്ന ജി വേണുഗോപാൽ, എം സുരേന്ദ്രൻ, ജലജാ ചന്ദ്രൻ, എൻ ശിവദാസൻ, പി അരവിന്ദാക്ഷൻ എന്നിവർ പുതിയ കമ്മിറ്റിയിലില്ല.
ശിവദാസനെതിരെ നേരത്തെതന്നെ സാമ്പത്തിക ആരോപണം ഉണ്ടായിരുന്നു. ഇതേതുടർന്ന് കായംകുളം ഏരിയ കമ്മിറ്റിയിൽ നിന്നും ഇത്തവണ ഒഴിവാക്കിയിരുന്നു. എം.സുരേന്ദ്രൻ, ജി. വേണുഗോപാൽ എന്നിവർ പ്രായപരിധി നിബന്ധന പ്രകാരം ഒഴിവായി. സംസ്ഥാന സമ്മേളന പ്രതിനിധികളായി 28 പേരെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.