ആലപ്പുഴ: ഞെട്ടേണ്ട, വിചിത്രമായ ഈ സഖ്യം കേരളത്തിലാണ്. അതും ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ഒരു ബാങ്ക് തെരഞ്ഞെടുപ്പിൽ.
സംസ്ഥാനത്തിനകത്തും പുറത്തും രൂക്ഷമായ രാഷ്ട്രീയ വാഗ്വാദങ്ങൾ തുടരുന്നതിനിടെയാണ് ആരും അത്ഭുതം കൂറുന്ന സി.പി.എം-കോൺഗ്രസ്-ബി.ജെ.പി സഖ്യം രൂപപ്പെട്ടത്. ഊരുക്കരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ് സി പി എമ്മും കോൺഗ്രസും ബി ജെ പിയും സഖ്യധാരണയിലെത്തിയത്. നിലവിൽ ഇടതു മുന്നണി ഭരിക്കുന്ന സഹകരണ ബാങ്കാണിത്. തെരഞ്ഞെടുപ്പ് ചെലവ് ഒഴിവാക്കാനാണ് മൂന്നു പാർട്ടികളുടെയും സീറ്റ് വീതം വെപ്പെന്നാണ് ഇതിന് ന്യായമായി പറയുന്നത്.
ആകെയുള്ള ഏഴു സീറ്റിൽ ബി ജെ പിയ്ക്കും കോൺഗ്രസിനും ഓരോ സീറ്റ് വീതവും ബാക്കിയുള്ള അഞ്ചു സീറ്റുകൾ എൽ ഡി എഫിനും എന്ന നിലയിലാണ് ധാരണ. ഇടതുപക്ഷത്തിന്റെ അഞ്ച് സീറ്റുകളിൽ മൂന്ന് സീറ്റുകൾ സി പി എമ്മിനും രണ്ട് സീറ്റുകളിൽ കേരള കോൺഗ്രസിനുമാണ് നൽകിയത്.
സി പി ഐ അവഗണിച്ചതിനെ തുടർന്ന് സി പി എമ്മിനെതിരെ സി പി ഐ രണ്ട് സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലുമാണ് ഇരു പാർട്ടികളും മുഖാമുഖം പോരടിക്കുക. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്.