കണ്ണൂർ – അലവിലിൽ ദമ്പതികളെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പ്രേമരാജൻ (75), ഭാര്യ ശ്രീലേഖ (69) എന്നിവരാണു മരിച്ചത്. മന്ത്രി എ.കെ. ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. മകന്‍ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം ഭർത്താവ് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കിടക്കയിൽ ചുറ്റിക കണ്ടെത്തിയിട്ടുണ്ട്. ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റ പാടുകളുണ്ടെന്നു പൊലീസ് പറഞ്ഞു.
വിദേശത്ത് നിന്നു വരുന്ന മകനെ വിമാനത്താവളത്തിൽനിന്നും കൂട്ടിക്കൊണ്ടുവരാൻ കാറെടുക്കാന്‍ ഡ്രൈവര്‍ സരോഷ് വീട്ടിലെത്തി ദമ്പതികളെ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടർന്ന് വളപ്പട്ടണം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളു.