കണ്ണൂർ – പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട സി. പി. എം പ്രവർത്തകരുടെ രക്തസാക്ഷി സ്മാരക ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടു നിന്ന സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ സമൂഹ മാധ്യമങ്ങളിൽ സി. പി. എം പ്രവർത്തകരുടെ രൂക്ഷ വിമർശനം. കെ. ടി. ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിലെ മുഖ്യപ്രതി അടക്കം വിമർശനമുയർത്തിയവരിൽ ഉൾപ്പെടുന്നു. ഉദ്ഘാടന ദിവസം ജില്ലയിലുണ്ടായിട്ടും ഗോവിന്ദൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുക്കാത്തതാണ് അണികളെ പ്രകോപിപ്പിച്ചത്.
ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട പാനൂർ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ പാർട്ടി നിർമിച്ച രക്തസാക്ഷിമന്ദിരം ഉദ്ഘാടന ചടങ്ങിൽ നിന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിട്ടു നിന്നത്. സ്മാരക നിർമ്മാണം വിവാദമായതോടെയാണ് ഇദ്ദേഹം ചടങ്ങ് ഒഴിവാക്കിയത്. ജില്ല സെക്രട്ടറി എം. വി. ജയരാജനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ സഖാക്കൾ രൂക്ഷ വിമർശനം പരസ്യമായി ഉയർത്തിയത്.
പാനൂർ മേഖലയിൽ നിന്നാണ് ഏറ്റവുമധികം പ്രതികരണങ്ങൾ ഉയർന്നത്. ഇതിൽ കെ. ടി. ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിലെ മുഖ്യപ്രതി അച്ചാരുപറമ്പത്ത് പ്രദീപനും ഉൾപ്പെടുന്നു.
‘നേതൃത്വം മറന്നാലും ഞങ്ങളുടെ പ്രിയ സഖാക്കളുടെ ജീവനും അതിനേക്കാൾ കൂടുതൽ സഖാക്കളുടെ ജീവിതവും പണയം വയ്ക്കേണ്ടി വന്ന ഇന്നലെകളെ മറക്കാൻ ഞങ്ങളെക്കൊണ്ട് സാധിക്കില്ല. അതൊന്നുംതന്നെ മറവിയുടെ മാറാല കുരുക്കിൽപ്പെട്ട് ഇല്ലാതാവാനും പോകുന്നില്ലെന്നും’ കെ.ടി. ജയകൃഷ്ണൻ വധക്കേസിലെ ഒന്നാം പ്രതി അച്ചാരുപറമ്പത്ത് പ്രദീപൻ ഫേസ് ബുക്കിൽ കുറിച്ചു. ഇതിനു മറുപടിയായിട്ട പോസ്റ്റുകളിലാണ് സിപിഎം നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനമുള്ളത്. ഭരണത്തേക്കാളും സർക്കാരിനെക്കാളും വലുതാണ് ഓരോ സഖാവിനും അവന്റെ ജീവന്റെ ജീവനായ പ്രസ്ഥാനമെന്നും പാർട്ടി കെട്ടിപ്പടുക്കുന്നത് രക്തസാക്ഷികൾ തന്നെയാണെന്നും പ്രവർത്തകരിൽ ചിലർ കുറിച്ചു.
ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവരുടെ പേരിലുളള രക്തസാക്ഷി മന്ദിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി നിർവഹിക്കുമെന്ന് കാണിച്ച് പാർട്ടി നോട്ടീസടിച്ച് പ്രചാരണവും നടത്തിയിരുന്നു. ഇതുപ്രകാരം ഉദ്ഘാടകൻ ‘എം.വി. ഗോവിന്ദൻ എംഎൽഎ, സിപിഐ (എം) സംസ്ഥാന സെക്രട്ടറി’യെന്ന് രേഖപ്പെടുത്തിയ ശിലാഫലകവും തയാറാക്കിയിരുന്നു. പരിപാടി നടക്കാനിരിക്കേ അവസാനഘട്ടത്തിലാണ് എം.വി. ഗോവിന്ദൻ പങ്കെടുക്കില്ലെന്ന അറിയിപ്പ് ലഭിച്ചത്. വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് അദേഹം കണ്ണൂർ ജില്ലയിൽ തന്നെ ഉണ്ടായിരുന്നു.
രക്തസാക്ഷി സ്മാരക മന്ദിര നിർമാണം വൻ വിവാദമായതിന് പിന്നാലെ മുതിർന്ന സി. പി. എം നേതാവ് പി. ജയരാജൻ അടക്കം ഇതിനെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു. ആർ. എസ്. എസിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയാണിവർ രക്തസാക്ഷികളായതെന്നും, സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്കായി ആർ. എസ്. എസും സ്മാരകങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നുമായിരുന്നു പി. ജയരാജൻ പ്രതികരിച്ചത്. ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പാർട്ടിക്ക് വേണ്ടി ഏറ്റുവാങ്ങിയത് അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനായിരുന്നു.
അതേ സമയം, പാനൂർ ചെറ്റക്കണ്ടിയിലെ ഷൈജു – സുബീഷ് സ്‌മാരക ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിവാദം ഭയന്ന് പിന്മാറിയതല്ലെന്ന് സി പി എം ജില്ലാ
സെക്രട്ടറി എം.വി ജയരാജൻ വ്യക്തമാക്കി. ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങൾ ഉള്ളതിനാലാണ് വരാതിരുന്നത്. വിവാദത്തെ തുടർന്ന് പങ്കെടുക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചിരുന്നുവെങ്കിൽ തനിക്കും ആ പരിപാടിക്ക് പോകാൻ കഴിയില്ലായിരുന്നു. സംസ്ഥാന കമ്മറ്റിയാണ് ഉദ്ഘാടനത്തിന് തന്നെ ചുമതലപ്പെടുത്തിയതെന്നും ജയരാജൻ പറഞ്ഞു.