ആലപ്പുഴ : മുതിർന്ന കോൺഗ്രസ് നേതാവും കർഷക കോൺഗ്രസ് ദേശീയ കോർഡിനേറ്ററുമായ ലാൽ വർഗ്ഗീസ് കല്പകവാടി അന്തരിച്ചു.
72 വയസായിരുന്നു.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റും ഹോർട്ടി കോർപ്പ് മുൻ ചെയർമാനുമായിരുന്നു.
ഇന്ദിരഗാന്ധിയോടും കെ. കരുണാകരനോടുമുള്ള ആരാധനയും ബന്ധവും ലാൽ വർഗീസ് കൽപകവാടിയെ കറകളഞ്ഞ കോൺഗ്രസുകാരനാക്കി. 1980ൽ കോൺഗ്രസിന്റെ കർഷക സംഘടനയായ കർഷക കോൺഗ്രസ് സംസ്ഥാന ട്രഷറർ ആയി. കർഷക കോൺഗ്രസിൽതന്നെ കഴിഞ്ഞ 45 വർഷമായി ഉറച്ചുനിന്നു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ കർഷകർക്കുവേണ്ടി പോരാട്ടം നടത്തി. ദേശീയതലത്തിൽ കോൺഗ്രസിന്റെ കർഷക സംഘടന രൂപവത്കരിക്കുന്നതിന് അദ്ദേഹത്തെ 2016ൽ കിസാൻ കോൺഗ്രസ് ദേശീയ കോഓഡിനേറ്റർ ആയി എ.ഐ.സി.സി നിയമിച്ചു.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ഹോൾട്ടികോർപ് ചെയർമാനായി അഞ്ചുവർഷം പ്രവർത്തിച്ചു. 2021ൽ യു.ഡി.എഫ് സ്ഥാനാർഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചു. പ്രേംനസീർ ഉൾപ്പെടെ സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
ഭാര്യ: സുശീല ജേക്കബ്. മകൻ: അമ്പു വർഗീസ് വൈദ്യൻ. മരുമകൾ: ആൻ വൈദ്യൻ കൽപകവാടി കരുവാറ്റ.
കഥാകൃത്ത് ചെറിയാൻ കൽപ്പകവാടി സഹോദരനാണ്.
സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന്.