തിരുവനന്തപുരം– ശശി തരൂർ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ശശി തരൂരിന് പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുന്ന സ്ഥിതിയാണെങ്കില്‍, സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് ഇഷ്ടമുള്ള രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. തരൂരിന് അഭിപ്രായവ്യത്യാസം ഉള്ള വിഷയങ്ങള്‍ പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു.
തരൂര്‍ വിഷയം ഇനിയും സംസാരിക്കാന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നും ഈ വിഷയത്തില്‍ വീണ്ടും വീണ്ടും ചര്‍ച്ചയാകുന്നത് നല്ല കാര്യമായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കന്മാരെ ഒഴികെ മറ്റെല്ലാവരേയും അദ്ദേഹം സ്തുതിക്കാറുണ്ട്. അത്യാവശ്യം, പിണറായിയേയും സ്തുതിക്കാറുണ്ട്. അദ്ദേഹത്തിന്റെ ലക്ഷ്യമെന്താണെന്ന് അറിയില്ല മുരളീധരന്‍ കൂട്ടിച്ചേർത്തു.
‘തരൂരിന് മുന്നില്‍ രണ്ട് വഴികളുണ്ട്, ഒന്നുകില്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുക. അദ്ദേഹം വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. പാര്‍ട്ടി നിയോഗിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാനാണ്. ആ നിലയ്ക്ക് പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും പാര്‍ട്ടി പ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മുന്നോട്ടുനീങ്ങണം. രണ്ട്, പാര്‍ട്ടിവിട്ട് പുറത്തുപോകുക,’ അദ്ദേഹം വ്യക്തമാക്കി.
തരൂരിന് അഭിപ്രായവ്യത്യാസം ഉള്ള വിഷയങ്ങള്‍ പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യുക. നമ്മുടെ എല്ലാ അഭിപ്രായങ്ങളും പാര്‍ട്ടി സ്വീകരിച്ചുകൊള്ളണം എന്നില്ല. അതല്ല, അദ്ദേഹത്തിന് പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുന്നു, തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്നാണ് അദ്ദേഹത്തിന് തോന്നുന്നതെങ്കില്‍.. പാര്‍ട്ടി ഏല്‍പിച്ച സ്ഥാനങ്ങള്‍ തിരികെ ഏല്‍പിച്ച് ഇഷ്ടമുള്ള രാഷ്ട്രീയ ലൈന്‍ സ്വീകരിക്കുക എന്നും മുരളീധരന്‍ പറഞ്ഞു.