കൊച്ചി – മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സി എം ആര്‍ എല്‍ ഉദ്യോഗസ്ഥര്‍ ഇ ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. സി എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയോട് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. സി എം ആര്‍ എല്‍ ഫിനാന്‍സ് ഓഫീസര്‍ കെ എസ് സുരേഷ് കുമാര്‍, ഐ ടി മാനേജര്‍ എന്‍ സി ചന്ദ്രശേഖരന്‍, സീനിയര്‍ ഐ ടി ഓഫിസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരാണ് ഹാജരായത്. വീണാ വിജയന്റെ സോഫ്റ്റ്വെയര്‍ കമ്പനിയായ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ കൊച്ചിയില്‍ ഉന്നത ഇ.ഡി. ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. സ്പെഷ്യല്‍ ഡയറക്ടര്‍ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. കേരളത്തിലെ ഇ ഡി കേസുകള്‍ വിശകലനം ചെയ്യുന്നതിനാണ് യോഗം ചേര്‍ന്നത്.