കണ്ണൂര്‍– ഉദ്യോഗസ്ഥര്‍ ഭരിക്കുന്നവരും കാര്യങ്ങള്‍ക്കായി സമീപിക്കുന്നവര്‍ ഭരിക്കപ്പെടുന്നവരും എന്ന ചിന്ത ഉണ്ടാവാന്‍ പാടില്ലെന്നും ഏത് കാര്യത്തിലും സമയബന്ധിതമായി ഉദ്യോഗസ്ഥര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയണമെന്നും കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍.
കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളുടെ മേഖലാതല അവലോകന യോഗത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമുക്കെടുക്കാന്‍ കഴിയുന്ന തീരുമാനം മറ്റേതെങ്കിലും തലത്തിലേക്ക് തട്ടിവിടല്‍ ശരിയായ രീതിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരുമാനം അതത് തലത്തില്‍ എടുത്ത് പോവണം. ആ തീരുമാനം സര്‍ക്കാറിന് വേണ്ടിയുള്ളതാണ്. നിലവിലുള്ള നിയമവും ചട്ടവും പ്രകാരം എടുക്കുന്ന തീരുമാനമാണ്. അത്തരം തീരുമാനം എടുക്കുന്നതിന് കൃത്യമായ പരിരക്ഷയും സര്‍ക്കാറില്‍നിന്നുണ്ടാവും. ആരും അതില്‍ ശങ്കിച്ചുനില്‍ക്കാന്‍ പാടില്ല. തൊള്ളായിരത്തോളം സര്‍ക്കാര്‍ സേവനങ്ങളാണ് ഓണ്‍ലൈനാക്കിയത്. നല്ല വേഗത ഇതിലുണ്ടായിട്ടുണ്ട്. താലൂക്ക് തല അദാലത്തില്‍ പല കാര്യങ്ങളിലും തീരുമാനം ഉണ്ടായി. നാടിന്റെ പൊതുവായ കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് തീരുമാനങ്ങള്‍ എടുത്തുപോവാന്‍ ശ്രദ്ധിക്കണം. ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാനാകണം.
ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യതയോടെ, സംശുദ്ധമായ രീതിയില്‍ നിര്‍വഹിക്കാനാവണം. സംസ്ഥാനത്തിന്റെ പൊതുവായ നേട്ടങ്ങള്‍ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഫലപ്രദമായ പ്രവര്‍ത്തനത്തിലൂടെയാണ് നേടിയെടുക്കാന്‍ സാധിക്കുക. സംസ്ഥാനത്തെ ജനങ്ങള്‍ ഒട്ടേറെ ആവശ്യങ്ങളുമായി, പരാതികളുമായി വിവിധ തലങ്ങളിലുള്ള ഭരണ കേന്ദ്രങ്ങളെ സമീപിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ നാം ഭരിക്കുന്നവരും, ഇങ്ങനെ സമീപിക്കുന്നവര്‍ ഭരിക്കപ്പെടുന്നവരും എന്ന ചിന്ത ഉണ്ടാവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തില്‍ നെഗറ്റീവ് ആയ കാര്യങ്ങള്‍ ബോധപൂര്‍വ്വം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നു. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന ഖ്യാതി നേടുന്നതിന് നമ്മുടെ സംസ്ഥാനത്തിനായിട്ടുണ്ട്. എല്ലാ മേഖലയിലും കൂടിയാണത് വന്നിട്ടുള്ളത്. എന്നാല്‍ അഴിമതി തീരെ ഇല്ലാതായി എന്ന് പറയാന്‍ കഴിയില്ല. അഴിമതി പൂര്‍ണമായി ഇല്ലാതാക്കാനുള്ള കൂട്ടായ ശ്രമമാണ് നടക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കൃഷ്ണന്‍കുട്ടി, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, ഒ ആര്‍ കേളു, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, കോഴിക്കോട് കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ്, വയനാട് കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, കാസര്‍കോട് കലക്ടര്‍ കെ. ഇന്‍പശേഖരന്‍, നാല് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഡിജിപി രവാഡാ ചന്ദ്രശേഖര്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും നടന്നു.
ഡോ. ഹാരിസിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടുവന്ന വാര്‍ത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ല. നല്ല അര്‍പ്പണബോധത്തോടെ ജോലിയെടുക്കുന്ന, അഴിമതിയില്ലാത്ത, ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ്. പക്ഷേ, അത്തരം ഒരാള്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി. അത് അദ്ദേഹം ഉദ്ദേശിച്ചുണ്ടോ എന്ന് അറിയില്ല. ഇതൊരു അനുഭവ പാഠമായിരിക്കണം. ഒരു അതൃപ്തി ഉണ്ടായാല്‍തന്നെ, അത് കേരളത്തെ വലിയ തോതില്‍ താറടിച്ചുകാണിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധം പുറത്തുവിട്ടാല്‍ അത് നാം നടത്തുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കും. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണിത്. എല്ലാ കാര്യവും പൂര്‍ണമായിരിക്കും എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. മെഡിക്കല്‍ കോളജുകളില്‍ അതിസങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്. അതിനാവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വേണ്ട ഉപകരണങ്ങള്‍ ചിലപ്പോള്‍ ഇല്ലാത്ത സ്ഥിതിയുണ്ടാവാം. അത് എക്കാലത്തും ഉള്ളതല്ല. വളരെ വേഗം തന്നെ അത്തരം ഉപകരണങ്ങള്‍ വാങ്ങി നല്‍കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.