തേഞ്ഞിപ്പാലം- ഏറ്റവും വലിയ മലിനീകരണം നമ്മുടെ വീടുകളിൽ കെട്ടികിടക്കുന്ന അനേകം വസ്ത്രങ്ങൾ ആണെന്ന് ഇറാം ഹോൾഡിങ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ധീഖ് അഹ്‌മദ്. ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രങ്ങൾ എങ്ങിനെ പ്രയോജനപ്രദമാക്കാം എന്നാണ് ആലോചിക്കേണ്ടത് എന്നും കാലിക്കറ്റ് സർവ്വകലാശാലയിലെ സി എച്ച് മുഹമ്മദ് കോയാ ചെയർ ഫോർ സ്റ്റഡീസ് ഓൺ ഡെവലപ്പിങ് സൊസൈറ്റീസ് സംഘടിപ്പിച്ച ചടങ്ങിൽ ‘ലീഡർഷിപ്പ് ആൻഡ് സോഷ്യൽ റെസ്‌പോൺസിബിലിറ്റീസ്’ എന്ന വിഷയത്തിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. നമ്മൾ ഓരോരുത്തരും വീടുകളിലെ ഉപയോഗിക്കാത്ത വസ്ത്രങ്ങൾ പ്രയോജനപ്രദമായി എങ്ങിനെ ഉപയോഗിക്കാം എന്ന് ആലോചിക്കണം. ആവശ്യമുള്ളവർക്ക് ദാനം ചെയ്യാൻ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുജന സേവനം നിർവഹിക്കുന്ന, സാമൂഹിക ഉത്തരവാദിത്വത്തോടെയുള്ള ബിസിനസ്സ് സംരഭങ്ങൾ ആണ് യഥാർത്ഥ വിജയം കൈവരിക്കുന്നത്. പണം കൊണ്ട് മാത്രം സന്തോഷകരവും സമാധാനപ്രദവുമായ ജീവിതം സാധ്യമാവണം എന്നില്ല. ലോക പ്രശസ്ത വാണിജ്യ പ്രമുഖർക്കിടയിൽ വരെ പരാജയപ്പെട്ട കുടുംബ ജീവിതം ഉണ്ട് എന്നുള്ളതിന് ധാരാളം ഉദാഹരണങ്ങൾ കാണാം. കുടുംബ ജീവിതത്തിന് പൊതു ബിസിനസ് തിരക്കുകൾക്കിടയിലും മുൻഗണന നൽകണം. തങ്ങളുടെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ ബിസിനസ്സ് ഉടമകൾക്ക് കഴിയണമെന്നും എങ്കിലേ മൂല്യവത്തായ ബിസിനസ് സാധ്യമാവൂ എന്നും ഡോ. സിദ്ധീഖ് അഹ്‌മദ് വിശദീകരിച്ചു. പൊതു സമൂഹത്തിന് നാം നൽകുന്ന സേവനങ്ങൾ ദൈവം ഏതെങ്കിലും രൂപത്തിൽ നമുക്ക് തിരിച്ചു നൽകും. പൊതുജനത്തിന് കൂടി കൂടുതൽ പ്രയോജനപ്രദമായ ബിസിനസ് സംരംഭങ്ങൾ ആണ് പുതു തലമുറ ആലോചിക്കേണ്ടത് എന്നും അദ്ദേഹം എടുത്തുപറഞ്ഞു.


കാലിക്കറ്റ് സർവകലാശാല സെമിനാർ കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് സർവ്വകലാശാല അഡ്മിഷൻ വിഭാഗം ഡയറക്ടർ ഡോ. സി.ഡി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവ്വകലാശാല ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ സകീർ ഹുസൈൻ, ഗ്രെയിസ് എജ്യൂക്കേഷൻ സൊസൈറ്റി ജനറൽസെക്രട്ടറി സയ്യിദ് അഷ്റഫ് തങ്ങൾ, ചെട്ടിപ്പടി, കാലിക്കറ്റ് സർവ്വകലാശാലാ സിന്ഡിക്കേറ്റ് മെമ്പർ ഡോ. റഷീദ് അഹ്‌മദ് സംബന്ധിച്ചു. സി എച്ച് മുഹമ്മദ് കോയാ ചെയർ ഫോർ സ്റ്റഡീസ് ഓൺ ഡെവലപ്പിങ് സൊസൈറ്റീസ് ഡയറക്ടർ ഖാദർ പാലാഴി നന്ദി പറഞ്ഞു. കരുവാരക്കുണ്ട് കെ.ടി.എം കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് അസി. പ്രൊഫ. ഡോ. അബ്ദുർറഷീദ് പി സി അവതാരകനായിരുന്നു.