പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം. ഉപതെരഞ്ഞെടുപ്പ് ഫലം വന്നശേഷം നടന്ന ഇന്നത്തെ ആദ്യ കൗൺസിൽ യോഗത്തിലാണ് ബി ജെ പി – ഇടത് കൗൺസിലർ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിലും സംഘർഷത്തിലും കലാശിച്ചത്.
ബി ജെ പി വോട്ടുകൾ എവിടെ പോയെന്ന് ഇടത് കൗൺസിലർമാർ ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായത്. എന്നാൽ, ഇത് ചോദിക്കാൻ, ബി ജെ പിയുടെ അഭ്യന്തര കാര്യത്തിൽ ഇടപെടാൻ സി പി എമ്മിന് എന്താണ് അവകാശമെന്ന് തിരിച്ചുചോദിച്ചതോടെ ഇരുവിഭാഗവും തമ്മിലുള്ള വാക്കേറ്റം നടുത്തളത്തിൽ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
ചെയർപഴ്‌സനെതിരെ സി പി എം അംഗങ്ങൾ ആദ്യം നടുത്തളത്തിൽ ഇറങ്ങിയതോടെ ബി ജെ പി അംഗങ്ങളും ഇറങ്ങി. ഇതിനിടെ ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം എൻ ശിവരാജനും കോൺഗ്രസ് അംഗം മൻസൂറും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ആദ്യം ഇടത് – ബി.ജെ.പി അംഗങ്ങൾ തമ്മിലുള്ള കൊമ്പുകോർക്കലിൽ തുടങ്ങിയ പ്രശ്‌നം പിന്നീട് മൂന്നു പാർട്ടിയിലെയും അംഗങ്ങൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്കാണ് എത്തിയത്. ശേഷം എല്ലാവരും ഇടപെട്ട് അംഗങ്ങളെ ശാന്തരാക്കുകയായിരുന്നു.
അതിനിടെ കോൺഗ്രസ് കൗൺസിലർമാർക്ക് സംസാരിക്കാൻ അവസരം നൽകുന്ന നഗരസഭ അധ്യക്ഷ, ഇടത് കൗൺസിലർമാർക്ക് അവസരം നല്കുന്നില്ലെന്ന ആരോപണവും തർക്കത്തിന് ഇടയാക്കി. എന്നാൽ, സംസാരിക്കാൻ എല്ലാവരെയും വിളിക്കാറുണ്ടെന്നും ആർക്കും പ്രത്യേകമായി നിഷേധിച്ചിട്ടില്ലെന്നും തനിക്ക് ആരോടും പ്രത്യേക താൽപര്യമില്ലെന്നും നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ പ്രതികരിച്ചു.