മലപ്പുറം– മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മുസ്ലിം യൂത്ത്‌ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മഞ്ചേരി മെഡിക്കല്‍ കോളേജിലെ താത്കാലിക ജീവനക്കാര്‍ക്കെതിരേ കേസെടുത്ത സംഭവത്തിലായിരുന്നു മുസ്ലിം യൂത്ത്‌ലീഗിന്റെ മാർച്ച്. മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വീണ ജോർജിനോട് താത്കാലിക ജീവനക്കാര്‍ ശമ്പളം കിട്ടാത്തതിൽ പരാതി ബോധിപ്പിച്ചിരുന്നു. ഇതിനെതിരെ പോലീസ് കേസുടുക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഘര്‍ഷ സാധ്യതയുണ്ടാക്കി എന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസ്. ഇതിനെതിരെ പ്രതിഷേധിച്ചാണ് മുസ്ലിം യൂത്ത്‌ലീഗ് മാർച്ച് നടത്തിയത്.
മാര്‍ച്ചിനിടെ പോലീസും പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ ഉപരോധിക്കുക എന്നതായിരുന്നു യൂത്ത്‌ലീഗിന്റെ ലക്ഷ്യം. എന്നാല്‍ കോളേജ് കവാടത്തില്‍വെച്ചുതന്നെ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ഇതോടെ കവാടത്തിന് മുന്നില്‍ ഉപരോധം തീര്‍ക്കുകയായിരുന്നു യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍. ഇത് പോലീസും പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു. പ്രവർത്തകരിൽ ചിലരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.