മലപ്പുറം– സിവില്‍ സര്‍വീസ് പരീക്ഷാഫലം വന്നപ്പോള്‍ അതിസന്തോഷത്തിലാണ് മാളവിക. കുഞ്ഞ് ജനിച്ച് 13ാം ദിവസമാണ് യു.പി.എസ്.സി മെയിന്‍ പരീക്ഷയെഴുതുന്നത്. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മാളവിക 45ാം റാങ്ക് നേടിയെടുത്തു, നിലവില്‍ റവന്യൂ സര്‍വീസില്‍ ഡെപ്യൂട്ടി കമ്മീഷ്ണറായ മാളവിക തന്റെ ആറാമത്തെയും അവസാനത്തെയും ശ്രമത്തിലാണ് റാങ്ക് സ്വന്തമാക്കിയത്.
യു.പി.എസ്.സി പരീക്ഷയില്‍ ഇത്ര നല്ല റാങ്ക് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് മാളവിക ജി നായര്‍ പ്രതികരിച്ചു. പല പ്രതിസന്ധികളേയും അതിജീവിച്ചാണ് വിജയം കരസ്ഥമാക്കിയതെന്ന് ഭര്‍ത്താവ് ഡോ.എം നന്ദഗോപന്‍ പറഞ്ഞു. പരീക്ഷക്ക് കൂടെ പോയതും കുഞ്ഞിനെ നോക്കിയതുമെല്ലാം മാളാവികയുടെ മാതാപിതാക്കളും സഹോദരിയുമാണ്. ഈ വിജയത്തിന്റെ അംഗീകാരം അവര്‍ക്ക് കൂടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഭര്‍ത്താവായ നന്ദഗോപന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.