കോഴിക്കോട്: ഹെൽമറ്റ് ധരിക്കാതെയും ഇരുചക്ര വാഹനത്തിൽ പരിധിയിലധികം ആളുകളെയും വഹിച്ചുള്ള യാത്ര പുത്തരിയല്ല. എന്നാൽ, സ്‌കൂട്ടറിന് പിറകിൽ കുട്ടിയെ തിരിച്ചിരുത്തി കളിക്കാൻ മൊബൈലും നൽകിയുള്ള അപകടരമായ യാത്രയാണ് കോഴിക്കോട് മാവൂർ തെങ്ങിലക്കടവിൽനിന്നും റിപോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി 9.30-ഓടെയാണ് സംഭവം.
സ്‌കൂട്ടറിനു പുറകിൽ തിരിഞ്ഞിരുന്ന് അപകടകരമായ വിധത്തിൽ യാത്ര ചെയ്യുന്ന പത്തുവയസ്സിന് താഴെയുള്ള പെൺകുട്ടി മൊബൈലിൽ കളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ കേസെുത്തിരിക്കുകയാണ് പോലീസ്.
അപകടകരമായ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ വാഹനം ഓടിച്ച കുട്ടിയുടെ പിതാവ് ഷഫീഖിനെതിരെ ഇന്ന് ഉച്ചയോടെ കേസെടുത്ത് പിഴ ഈടാക്കിയതായി മാവൂർ പോലീസ് പറഞ്ഞു. സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹെൽമെറ്റ് ധരിക്കാത്തതിനും കേസുണ്ട്. തുടർ നടപടികൾക്കായി വിവരം മോട്ടർ വാഹന വകുപ്പിനെ അറിയിച്ചതായും പോലീസ് വ്യക്തമാക്കി.
ഞായറാഴ്ച രാത്രി കോഴിക്കോട് മാവൂർ-തെങ്ങിലക്കടവ് റോഡിലൂടെ യാത്ര ചെയ്യുന്നതിന്റെ ദൃശ്യം മറ്റൊരു യാത്രക്കാരനാണ് പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. തുടർന്നാണ് സംഭവം പോലീസ് പിതാവിനെ വിളിച്ചുവരുത്തി നടപടി സ്വീകരിച്ചത്.