കണ്ണൂർ – കാൽനടയായി കുടുംബസമേതമെത്തി, ക്യൂവിൽ നിന്ന് വോട്ടു ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി ആർ.സി.അമല സ്കൂളിലെ ബൂത്തിലെത്തിയാണ് പതിവ് തെറ്റിക്കാതെ മുഖ്യമന്ത്രി സകുടുംബം വോട്ടു ചെയ്ത് മടങ്ങിയത്.
ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവർക്ക് പുറമെ പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടിൽ നിന്ന് കാൽനടയായാണ് മുഖ്യമന്ത്രി പോളിങ് ബൂത്തിലേക്ക് എത്തിയത്.
ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം പറഞ്ഞുമാണ് ബൂത്തിലേക്ക് പിണറായി നടന്നത്. പിണറായിയിലെ അമല യൂപി സ്കൂളിലെ 161-ാം നമ്പർ ബൂത്തിലാണ് പിണറായിക്കും കുടുംബത്തിനും വോട്ട്.
ബൂത്തിൽ നീണ്ട ക്യൂവുണ്ടായിരുന്നു. എന്നാൽ നേരിട്ട് വോട്ട് ചെയ്യാൻ ബൂത്തിലേക്ക് കയറാൻ മുഖ്യമന്ത്രി തയ്യാറായില്ല. പകരം ക്യൂവിൽ നിന്നു. മുന്നിലുണ്ടായിരുന്ന ഇരുപതോളം പേർ വോട്ടു ചെയ്ത ശേഷമാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്.