തിരുവനന്തപുരം: ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനും തർക്കങ്ങൾക്കും ഒടുവിൽ എൻസിപിയിലെ എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയുന്നു. ശശീന്ദ്രന് പകരം കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് മന്ത്രിയാവും.
പാർട്ടി കൈവിട്ടെങ്കിലും മുഖ്യമന്ത്രി കൈവിടില്ലെന്നായിരുന്നു ശശീന്ദ്രന്റെ പ്രതീക്ഷ. മന്ത്രി സ്ഥാനം ഒഴിയുന്നതിനെതിരെ അദ്ദേഹം മുഖ്യമന്ത്രയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും മുഖ്യമന്ത്രിയും കൈയൊഴിയുകയായിരുന്നു. എൻസിപിയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാനില്ല എന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി.
നേരത്തേ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറും തോമസ് കെ തോമസിന് അനുകൂലമായ തീരുമാനമെടുത്തു. തോമസ് കെ തോമസിനെ മന്ത്രിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാവുമെന്നാണ് അറിയുന്നത്. ഒരാഴ്ച കാത്തിരിക്കാൻ പവാർ ആവശ്യപ്പെട്ടുവെന്നും തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കുമെന്നും പിസി ചാക്കോ പറഞ്ഞു.മന്ത്രിമാറ്റത്തിൽ അന്തിമ തീരുമാനം പവാറിന്റേതാണെന്നും പിസി ചാക്കോ പറഞ്ഞു.
മന്ത്രിമാറ്റം സംബന്ധിച്ച ചർച്ചകൾ എൻസിപിയിൽ ഏറെനാളായി സജീവമായിരുന്നെങ്കിലും ശശീന്ദ്രൻ മാറുന്ന കാര്യത്തിൽ സമവായമായിട്ടില്ല. പാർട്ടിക്ക് ലഭിച്ച മന്ത്രിസ്ഥാനം രണ്ടരവർഷക്കാലം വീതം രണ്ട് എംഎൽഎമാർക്കും നൽകണമെന്ന ധാരണ പാലിക്കണമെന്ന ആവശ്യമാണ് എൻസിപി നേതൃത്വം നിയോഗിച്ച സമിതി ശശീന്ദ്രന് കൈമാറിയത്. എന്നാൽ അത്തരമൊരു ധാരണ തന്റെ അറിവിലില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
മന്ത്രിസ്ഥാനത്ത് നിന്നും പടിയിറങ്ങുമ്പോൾ പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം നൽകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു. എന്നാൽ എംഎൽഎ സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് പാർട്ടി അദ്ധ്യക്ഷ പദവി നൽകാനാവില്ലെന്ന നിലപാടിലായിരുന്നു നേതൃത്വം. അങ്ങനെയെങ്കിൽ താൻ മന്ത്രി സ്ഥാനത്തിനൊപ്പം നിയമസഭാംഗത്വവും ഒഴിയാമെന്നും സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താൽപര്യമെന്നും ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. പ്രശ്നം തീരുമാനമാകാതെ നീണ്ടതോടെയാണ് പാർട്ടി ദേശീയ നേതൃത്വം ഇടപെട്ടത്.