തേഞ്ഞിപ്പലം– സി.എച്ചിന്റെ പാതയില്‍ സഞ്ചരിച്ചത് കൊണ്ടാണ് ഭരണഘടന പ്രതിസന്ധി നേരിടുന്ന ഇക്കാലത്തും കേരളത്തിലെ മുസ്ലിംകള്‍ക്ക് അഭിമാനകരമായി ജീവിക്കാന്‍ കഴിയുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപിംഗ് സൊസൈറ്റീസ് സംഘടിപ്പിച്ച രണ്ടാമത് സി.എച്ച്. മുഹമ്മദ് കോയ ദേശീയ സെമിനാറില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുതാര്യതയും കണിശതയുമായിരുന്നു സി.എച്ചിന്റെ മുഖമുദ്രയെന്നും അത് വഴിയാണ് പൊതുസമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ മുസ്ലിം സമുദായത്തിന് പ്രാപ്തിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
സി.എച്ച് ഒരു നവോത്ഥാന പുരുഷനായിരുന്നുവെന്ന് ഡോ.എം.പി. അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു. നവോത്ഥാനത്തിന്റെ പ്രഭാവവും പ്രഭയും സി.എച്ചില്‍ ഉണ്ടായിരുന്നു. ഗസയില്‍ നടക്കുന്ന ക്രൂരമായ നരമേധം എല്ലാവരേയും വേദനിപ്പിക്കുന്നു. ലോകത്തെമ്പാടുമുള്ള ജനാധിപത്യപ്രക്ഷോഭങ്ങള്‍ ആശ്വാസം നല്‍കുന്നു. 98 വയസായ മലയാളത്തിലെ ഒരു സാഹിത്യകാരി ജന്മദിനത്തിന്റെ അന്ന് തന്നെ കാണാന്‍ വന്ന സുഹൃത്തിനോട് ഭക്ഷണത്തിന് വേണ്ടി വരി നില്‍ക്കുന്ന കുട്ടികളെ കാണുമ്പോള്‍ തൊണ്ടയിലൂടെ ചോറ് ഇറങ്ങുന്നില്ല. ഇത് പറഞ്ഞ ഉടനെ അവര്‍ക്കെതിരെ സൈബര്‍ അക്രമണം വരെയുണ്ടായി. ഐക്യരാഷ്ട്രസഭയില്‍ നെതന്യാഹുവിന് കൂക്കിവിളികേള്‍ക്കേണ്ടി വന്നു. ഈ പ്രതികരണങ്ങള്‍ക്ക് പിന്നിലുള്ള രാഷ്ട്രീയം എനിക്കറിയാത്തതല്ല, ഒരമ്മയുടെ കണ്ണിലൂടെ മാത്രമേ അവരെ എനിക്ക് കാണാനാകു എന്നായിരുന്നു ലീലാവതി അതിനോട് പ്രതികരിച്ചത്.
ഇസ്രായിൽ ഫലസ്തീനിൽ നടത്തുന്ന യുദ്ധത്തിനെയും അദ്ദേഹം ശക്തമായി അപലപിച്ചു പരിഹാം മാനവികതയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ചർച്ചയിൽ സംസാരിച്ച ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേല്‍ ഇന്ത്യയിലെ ഭരണകൂട ഭീകരതയുടെ ആഴം തുറന്നു കാട്ടി. ഉത്തരാഖണ്ഡ് ആദ്യത്തെ ലൗ ജിഹാദ് നിയമ നിർമാണം നടത്തിയ ശേഷം എട്ടോളം സംസ്ഥാനങ്ങള്‍ മുസ്ലിം ഹിന്ദു വിവാഹങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കി മാറ്റി. ഇത്തരത്തിലുള്ള കേസുകള്‍ സ്ത്രീകളുടെ മൊഴികള്‍ മുഖവിലക്കെടുക്കാതെ തെളിവ് ഹാജറാക്കാനുള്ള ഉത്തരവാദിത്വം വരനും ബന്ധുക്കള്‍ക്കുമാക്കി. കശ്മീര്‍ പത്രങ്ങള്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നതിനാല്‍ സര്‍ക്കാരിന്റെ ഭാഷ്യമാണ് അവര്‍ പ്രസിദ്ധീകരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളില്‍ ഇന്ത്യ ഒപ്പ് വെച്ചിട്ടുണ്ടെങ്കിലും റോഹിങ്ക്യന്‍ മുസ്ലിംകള്‍ കണ്ണുകെട്ടി കടലില്‍ തള്ളി. മുസ്ലിംകളുടെ വീടുകള്‍ തകര്‍ക്കപ്പെട്ടു. കോടതി എന്തു പറയുന്നു എന്നത് ബിജെപിക്ക് പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു.
1990 കളില്‍ വെറുപ്പിന്റെ രാഷ്ട്രീയം ഉപയോഗിച്ചപ്പോള്‍ ബിജെപിയുടെ വോട്ട് പങ്ക് രണ്ടക്കം കടന്നു. ഇറാന്‍ ജനസംഖ്യയില്‍ 90 ശതമാനവും ഒരു വിഭാഗത്തില്‍ നിന്നായതിനാല്‍ ഒരു മതരാഷ്ട്രം സാധ്യമാണ്. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി അങ്ങനെയല്ല. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിയമനിര്‍മാണങ്ങളുടെ പശ്ചാതലമതാണ്. ജിഡിപിയും വിദേശനയവും വികസനവും ഏറ്റവും മോശമായ രീതിയിലാണ് മോദി ഭണകൂടം കൈകാര്യം ചെയ്യുന്നത്. മോദിയുടെ പരാജയം വ്യക്തമായത് കൊണ്ടുകൂടിയാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


സി.എച്ച് തുടങ്ങിവെച്ച വിദ്യഭ്യാസ വിപ്ലവത്തിന്റെ ഫലമാണ് ഇന്ന് മുസ്ലിം സമുദായത്തിനുണ്ടായ പുരോഗതിയെന്ന് സമാപന സമ്മേളനത്തിൽ സംസാരിച്ച, മുന്‍ എം.എല്‍.എ കെ.എസ് ശബരീനാഥ് പറഞ്ഞു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാട്ടാനും മതേതരത്വത്തിനെതിരെയും ഫെഡറലിസത്തിനെതിരെയുമുള്ള ആക്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. ദക്ഷിണേന്ത്യക്കാരെ ഭൂമിശാസ്ത്ര ന്യൂനപക്ഷങ്ങളാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും പോക്കര്‍ സാഹിബിനെ പോലുള്ള ധിഷണാശാലികളായ നേതാക്കള്‍ ഭരണഘടന അസംബ്ലിയില്‍ ഇക്കാര്യം നേരത്തെ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലാപഞ്ചായത്ത് മെമ്പര്‍ ടി.പി.എം ബഷീര്‍ സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സി. കെ. സുബൈര്‍ അധ്യക്ഷത വഹിച്ചു.
രണ്ട് ദിവസമായി നടന്ന ദേശീയ സെമിനാറില്‍ വി.കെ.എം ശാഫി, ഡോ.ആബിദ ഫാറൂഖി, ഡോ.റഷീദ് അഹമ്മദ്, പി.കെ നവാസ്, അഹമ്മദ് സാജു, ഡോ. വി.പി അബ്ദുല്‍ ഹമീദ്, ഡോ. വി.പി സക്കീര്‍ ഹുസൈന്‍, ഖാദര്‍ പാലാഴി, ടി.പി അഷ്‌റഫലി, അഷ്‌റഫ് തൂണേരി, ഡോ.ഷാഹിന മോള്‍ എ.കെ., പി.എ റഷീദ്, അഡ്വ.ഫൈസല്‍ ബാബു. അഡ്വ.ത്വഹാനി, അഡ്വ. ഫാത്തിമ തഹ്ലിയ, ഡോ.അഷ്‌റഫ് വാളൂര്‍, ഷിബു മീരാന്‍, ആയിഷ ബാനു, ബാബുരാജ് ഭഗവതി, നഷ മുനീര്‍, ദാമോദര്‍ പ്രസാദ്, ലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ.മുജീബ് റഹ്‌മാന്‍ നന്ദി പറഞ്ഞു