കോഴിക്കോട്– കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിഎച്ച് മുഹമ്മദ് കോയ ചെയർ സെപ്തംബർ 27,28 തിയ്യതികളിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കും. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ആംനസ്റ്റി ഇന്റർ നാഷണൽ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ആകാർ പട്ടേൽ സെമിനാറിൽ മുഖ്യാതിഥിയാവും. മുൻ മുഖ്യമന്ത്രിയായിരുന്ന സിഎച്ച് മുഹമ്മദ് കോയയുടെ 41ാം ചരമവാർഷികത്തോടനുബന്ധിച്ച് യൂണിവേഴ്‌സിറ്റി സെമിനാർ കോംപ്ലക്‌സിലാണ് സെമിനാർ നടക്കുക. സോഷ്യോളജിസ്റ്റ് ഗോപാൽ ഗുരു, സിഎഎയിൽ പ്രതിഷേധിച്ച് സിവിൽ സർവീസ് ജോലി രാജിവെച്ച അബ്ദുറഹിമാൻ ഐപിഎസ്, ജാതി അതിക്രമങ്ങൾക്കെതിരായ മുന്നണി പോരാളി ഭാഷാസിങ്, ഡൽഹി ഐഐടി പ്രൊഫസർ ആസിഫ് മുജ്തബ, നാഷണൽ ലോ യൂണിവേഴ്സിറ്റി മുൻ വിസിയും സിഎച്ച് ചെയർ വിസിറ്റിങ് പ്രൊഫ. മോഹൻ ഗോപാൽ, ഡോ. സിമി കെ സലിം എന്നിവർ വിഷയാവതരണം നടത്തും.
27ന് രാവിലെ ആരംഭിക്കുന്ന സെമിനാർ 11 മണിക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സി ഡോ.പി രവീന്ദർ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എംപി, ഡോ എംപി അബ്ദുൽ സമദ് സമദാനി എംപി, പി.വി അബ്ദുൽ വഹാബ് എംപി, അഡ്വ. ഹാരിസ് ബീരാൻ എംപി, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ.എംകെ മുനീർ എംഎൽഎയും കൺവീനർ സികെ സുബൈറും സിഎച്ച് മുഹമ്മദ് കോയ ചെയർ ഡയറക്ടർ ഖാദർ പാലാഴി എന്നിവർ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. വിദ്യാർഥികൾക്ക് 100 രൂപയും മറ്റുള്ളവർക്ക് 250 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷന് 9847648664 എന്ന നമ്പറിൽ ബന്ധപ്പെടാം.