തൃശൂർ– നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു. ഇന്ന് ഉച്ചയ്ക്ക് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ച മുകുന്ദൻ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി ജനവിധി തേടും. സി.പി.ഐയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി അദ്ദേഹം ബിജെപി പാളയത്തിലെത്തിയത്.
നേരത്തെ മുകുന്ദനെ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിപ്പിക്കാൻ നീക്കങ്ങൾ നടന്നിരുന്നെങ്കിലും പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ ശക്തമായ എതിർപ്പ് തിരിച്ചടിയാവുകയായിരുന്നു. സി.പി.ഐ ഉപേക്ഷിച്ചവർക്ക് നാട്ടികയിൽ ഇടം നൽകേണ്ടതില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കോൺഗ്രസ് നേതാക്കൾ. ഇതോടെ യു.ഡി.എഫ് പിന്തുണ നഷ്ടമായ സാഹചര്യത്തിലാണ് മുകുന്ദൻ ബിജെപിയിലേക്ക് ചേക്കേറിയത്.
പാർട്ടി തന്നെ വഞ്ചിച്ചുവെന്ന കടുത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് മുകുന്ദൻ സി.പി.ഐയുമായി ബന്ധം വേർപ്പെടുത്തിയത്. ചോർന്നൊലിക്കുന്ന തന്റെ വീട് നന്നാക്കിത്തരാമെന്ന് പറഞ്ഞ് നേതാക്കൾ തന്നെ ചതിച്ചുവെന്ന് അദ്ദേഹം പരസ്യമായി ആരോപിച്ചിരുന്നു. കൂടാതെ നാട്ടികയിലെ സി.പി.ഐ സ്ഥാനാർഥി ഗീത ഗോപിക്കെതിരെയും മുകുന്ദൻ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. ഈ പരസ്യ പ്രതികരണങ്ങളെത്തുടർന്ന് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് മണ്ഡലം കമ്മിറ്റിയിൽ നിന്ന് മുകുന്ദനെ സി.പി.ഐ പുറത്താക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



