തൃശൂർ: നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ചേലക്കര പോലീസ് കേസെടുത്തു. ചേലക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി പി.വി അൻവറും സ്ഥാനാർത്ഥി എൻ.കെ സുധീറും സഹപ്രവർത്തകരും ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് സൂപ്രണ്ടിന്റെ പരാതിയിലുള്ളത്.
ചേലക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് രോഗികളും മറ്റുള്ളവരും നോക്കിനിൽക്കെ അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. ഇതിനസരിച്ച് പി.വി അൻവറിനെതിരെ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസെടുക്കണമെന്ന് ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എയും ആവശ്യപ്പെട്ടിരുന്നു.
പരാതി ബാലിശമാണെന്നും ജനവിരുദ്ധ നയങ്ങൾ ആരുടെ മുന്നിലും തുറന്ന് പറയുമെന്നും ഭീഷണികൊണ്ടും കേസുകൊണ്ടും വിരട്ടാമെന്ന് കരുതേണ്ടെന്നും എല്ലാം നിയമപരായി നേരിടുമെന്ന് പി.വി അൻവറും പ്രതികരിച്ചു.