കോഴിക്കോട്: മെഡിക്കൽ കോളജിലെ തീപിടുത്തത്തിനിടെ ഉണ്ടായ നാല് മരണത്തെക്കുറിച്ച് വിദഗ്ധ സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മരണ കാരണം പോസ്റ്റ്‌മോർട്ടത്തിലൂടെ സ്ഥിരീകരിക്കാനാകൂ. തീപിടുത്തമല്ല മരണകാരണമെന്ന് കോളജ് പ്രിൻസിപ്പൽ പറഞ്ഞത് കേസ് ഷീറ്റ് നോക്കിയാണെന്നും സംഭവത്തിൽ അസ്വാഭാവിക മരണത്തിനും തീപിടിത്തത്തിനും കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതായും മെഡിക്കൽ കോളജിലെത്തിയ മന്ത്രി ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം എടുത്ത് കൃത്യവും സമഗ്രവുമായ അന്വേഷണം നടത്തും. അതിന്റെ ഭാഗമായി ഹാർഡ് ഡിസ്‌ക് മെഡിക്കൽ കോളജ് പോലീസിന് കൈമാറുമെന്നും മന്ത്രി അറിയിച്ചു.
പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റും, ഫോറൻസിക് ടീമീന്റെയും കെ.എസ്.ഇ.ബിയുടെയും അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമേ തീപിടിത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനാകൂ. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം മൂന്ന് ദിവസത്തിനകം പുനഃസ്ഥാപിക്കും. വൈദ്യുതി ഇന്ന് വൈകീട്ടോടെ പുനസ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അഞ്ച് മരണങ്ങളാണുണ്ടായത്. അതിൽ ഒരാളെ മരിച്ച ശേഷം ആ സമയത്ത് അവിടെ എത്തിച്ചയാളാണ്. മറ്റ് നാല് മരണങ്ങൾ സംബന്ധിച്ച് വിദഗ്ധ സംഘം അന്വേഷണം നടത്തും. പോസ്്റ്റ്‌മോർട്ടം നടത്തുന്നതിലൂടെ മരണകാരണം വ്യക്തമാകുമെന്നും മറ്റു മെഡിക്കൽ കോളജുകളിൽനിന്നും എത്തുന്ന വിദഗ്ദ സംഘമാണ് അന്വേഷണം നടത്തുകയെന്നും മന്ത്രി പറഞ്ഞു.
അപകടസമയത്ത് 151 രോഗികളാണുണ്ടായിരുന്നത്. അതിൽ 114 പേരും മെഡിക്കൽ കോളജിൽ ചികിത്സ തുടരുന്നു. 37 പേരാണ് മറ്റിടങ്ങളിലേക്ക് പോയത്. ഇതിൽ 12 പേർ ബീച്ച് ജനറൽ ആശുപത്രിയിലാണുള്ളത്. ബാക്കിയുള്ളവർ ഇഖ്‌റഅ്, മിംസ്, ബേബി ഹോസ്പിറ്റൽ തുടങ്ങി വിവിധ ആശുപത്രികളിലാണ് ചികിത്സ തേടിയത്.
സ്വകാര്യ ആശുപത്രിയിലൽ ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ ഡോക്ടർമാരുടെ സംഘം പരിശോധിക്കും. സ്വകാര്യ ആശുപത്രികളുമായി സംസാരിക്കുമെന്നും ചികിത്സ നിഷേധിച്ചാല് ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
പൊട്ടിത്തെറിയിൽ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ റിപ്പാർട്ട് ലഭിച്ചിട്ടുണ്ട്. എം.ആർ.ഐ മെഷീനു വേണ്ടി ഉപയോഗിക്കുന്ന യു.പി.എസ് ആണ് പൊട്ടിത്തെറിച്ചത്. ഷോർട്ട് സർക്യൂട്ടോ, ബാറ്ററിയുടെ ഇന്റേണൽ പ്രശ്‌നങ്ങളോ ആകാം തീപിടുത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എം.ആർ.ഐ ഉപകരണത്തിനും യു.പി.എസിനും വലിയ കേടുപാടുകളുണ്ടായിട്ടില്ല. ഇതിന് 2026 ഒക്ടോബർ വരെ വാറന്റി ഉണ്ടെന്നും മന്ത്രി പ്രതികരിച്ചു.