കൊച്ചി: സിനിമകളിലും പരസ്യങ്ങളിലും അശ്ലീല രംഗങ്ങളിൽ അഭിനയിച്ച് സാമ്പത്തിക ലാഭം നേടിയെന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയെ തുടർന്ന് എറണാകുളം സിജെഎം കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. ഐടി നിയമത്തിലെ 67(എ) വകുപ്പും അനാശാസ്യ പ്രവർത്തന നിരോധന നിയമവും ചുമത്തിയാണ് കേസ്. ശ്വേത മേനോൻ അഭിനയിച്ച രംഗങ്ങൾ സോഷ്യൽ മീഡിയയിലും അശ്ലീല വെബ്സൈറ്റുകളിലും പ്രചരിപ്പിച്ച് വരുമാനം നേടിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
പരാതിയിൽ, ശ്വേത മേനോൻ അഭിനയിച്ച ‘രതിനിർവേദം’, ‘പാലേരി മാണിക്യം’, ‘കളിമണ്ണ്’ എന്നീ സിനിമകളും ഗർഭനിരോധന ഉറയുടെ പരസ്യവും അശ്ലീലമായി ചിത്രീകരിച്ചുവെന്ന് ആരോപിക്കുന്നു. ഈ ദൃശ്യങ്ങൾ സാമ്പത്തിക ലാഭത്തിനായി ഗൂഢ ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.
താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോൻ മത്സരിക്കുന്നതിനിടെയാണ് ഈ കേസ് ഉയർന്നുവന്നത്. ഓഗസ്റ്റ് 15ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ, നടൻ ജഗദീഷ് പിന്മാറിയതോടെ ശ്വേതയും നടൻ ദേവനും തമ്മിലാണ് പ്രധാന മത്സരം. ഈ സാഹചര്യത്തിൽ, കേസ് തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
നേരത്തെ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന നടൻ ബാബുരാജ്, ലൈംഗികാതിക്രമ പരാതിയെ തുടർന്ന് മത്സരത്തിൽനിന്ന് പിന്മാറിയിരുന്നു. നിലവിൽ, കുക്കു പരമേശ്വരനും രവീന്ദ്രനും ജനറൽ സെക്രട്ടറി പദവിക്കായി മത്സരിക്കുന്നു. ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് മുറുകുന്ന ഈ സന്ദർഭത്തിൽ, ശ്വേത മേനോനെതിരായ കേസ് സിനിമാ രംഗത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.