ആലപ്പുഴ– പോസ്റ്റല്‍ ബാലറ്റ് തിരുത്തിയെന്ന് പ്രസംഗിച്ച മുന്‍മന്ത്രി ജി. സുധാകരെനതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. നിയമോപദേശം ലഭിച്ചതിന് ശേഷമാണ് പോലീസിന്റെ നടപടി. ഐ.പി.സി 465,468,471 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 1989ലെ ആലപ്പുഴ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയെന്ന് ജി. സുധാകരന്‍ ആലപ്പുഴ എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂര്‍വകാല നേതൃസംഗമത്തിലാണ് വെളുപ്പെടുത്തിയത്.
പ്രസംഗത്തിനിടയില്‍ കേസെടുത്താലും കുഴപ്പമില്ല എന്ന് പറഞ്ഞ സുധാകരന്റെ പിന്നാലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആലപ്പുഴ വീട്ടിലെത്തി മൊഴിരേഖപ്പെടുത്തി. വെളിപ്പടുത്തലിന്മേല്‍ കേസ് എടുക്കാനും വിശദമായ അന്യേഷണം നടത്താനും അടിയന്തര നടപടി സ്വീകരിക്കാനും ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. നിര്‍ദേശം നല്‍കിയിരുന്നു.
പ്രസ്താവന വിവാദമായതോടെ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയെന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്ന് പറഞ്ഞ് ജി സുധാകരന്‍ തന്നെ രംഗത്തെത്തി. പറയുമ്പോള്‍ കുറച്ച് ഭാവന കലര്‍ത്തിയതാണെന്നും അങ്ങനെ ചെയ്യുന്നയാളുകള്‍ക്ക് ജാഗ്രത കൊടുക്കാന്‍ ഭീഷണിയെന്ന നിലയിലാണ് പറഞ്ഞതെന്നും സുധാകരന്‍ ന്യായീകരിച്ചു.