തിരുവനന്തപുരം– വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് ക്രിസ്ത്യന്‍ സംഘടനയായ കാസ (ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍). വഖഫ് നിയമം മുനമ്പം ഭൂമി തര്‍ക്കത്തില്‍ നിര്‍ണ്ണായകമാണെന്നും കാസ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. കേരളത്തില്‍ നിന്ന് വഖഫ് നിയമത്തെ പിന്തുണച്ച് സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യത്തെ സംഘടനയാണ് കാസ.
വഖഫ് ഭേദഗതി നിയമത്തിനെതിരെ ഭരണഘടന സാധുതയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച് ഹര്‍ജികൾ പരിഗണിച്ച കോടതി മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് ഏഴ് ദിവസം നല്‍കി. ഏഴു ദിവസത്തേക്ക് വഖഫ് ബോര്‍ഡുകളിലേക്കും കേന്ദ്ര വഖഫ് കൗണ്‍സിലിലും അംഗങ്ങളെ ചേര്‍ക്കില്ലെന്നും വഖഫ് സ്വത്ത് ഡി-നോട്ടിഫൈ ചെയ്ത് വഖഫ് അല്ലാതാക്കി മാറ്റില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചു.