ലോക്‌സഭാ തെരഞ്ഞെടുപ്പിന് എട്ട് ദിവസം മാത്രം അവശേഷിക്കെ സംസ്ഥാനത്ത് പ്രചാരണം കൊടുമ്പിരിക്കൊണ്ടു. കടുത്ത വേനല്‍ച്ചൂടിനെ വകവെയ്ക്കാതെയുള്ള പ്രചാരണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വെയിലുകൊണ്ട് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പൊറുതിമുട്ടുന്നുണ്ടെങ്കിലും പ്രചാരണത്തിന്റെ ചൂട് ഒട്ടും കുറയ്ക്കാന്‍ മൂന്ന് മുന്നണികളും തയാറല്ല. പ്രചാരണത്തിന് കൊഴുപ്പേകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും എത്തിയതോടെ അങ്കത്തട്ട് കൂടുതല്‍ സജീവമായി. പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് പ്രസംഗിച്ചതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെ അണികള്‍ക്കിടയില്‍ ആവേശമുയര്‍ന്നുകഴിഞ്ഞു. പ്രധാനമന്ത്രി ആലത്തൂരിലും ആറ്റിങ്ങലിലുമാണ് പ്രസംഗിച്ചത്. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കൂടിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സുല്‍ത്താന്‍ ബത്തേരിയിലും വെള്ളമുണ്ടയിലും റോഡ് ഷോ നടത്തിയതിനുപുറമെ കോഴിക്കോട് കടപ്പുറത്ത് യുഡിഎഫ് റാലിയെ അഭിസംബോധന ചെയ്യുകയുമുണ്ടായി. മലപ്പുറത്തും റോഡ് ഷോ നടത്തി. രാഹുലിന്റെ സാന്നിധ്യം മലബാര്‍ മേഖലയിലാകെ യുഡി.എഫിന് വലിയ ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ്. നരേന്ദ്രമോദിയുടെ രണ്ടുപരിപാടികളിലും വലിയ ജനസഞ്ചയമാണ് പങ്കെടുത്തത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി വോട്ടുതേടാനാണ് മോദി ആറ്റിങ്ങലില്‍ എത്തിയത്. തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, ചാലക്കുടി മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം ആലപ്പൂരിലും നരേന്ദ്രമോദി പ്രസംഗിച്ചു. ദേശീയ നേതാക്കളുടെ സാന്നിധ്യം എന്‍.ഡി.എ, യു.ഡി.എഫ് ക്യാമ്പുകളില്‍ വലിയ ഉണര്‍വാണ് സൃഷ്ടിച്ചത്. ഇടതുമുന്നണിയുടെ ദേശീയ നേതാക്കളും ഈയാഴ്ചയോടെ സംസ്ഥാനത്തുടനീളം പ്രചാരണ യോഗങ്ങളില്‍ സംബന്ധിക്കും. എല്‍.ഡി.എഫിന്റെ മുഖ്യ പ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാഴ്ച മുമ്പുതന്നെ സംസ്ഥാനത്ത് സഞ്ചാരം തുടങ്ങിയിരുന്നു. നവകേരള സദസുപോലെതന്നെ ഓരോ മണ്ഡലത്തിലും മൂന്നും നാലും യോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നുണ്ട്. വന്‍ജനാവലിയാണ് ഓരോ യോഗത്തിലും എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനുപുറമെ ഓരോ മണ്ഡലത്തിലെയും പ്രധാന പ്രവര്‍ത്തകരുമായും പൗരപ്രമുഖരുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തുന്നുണ്ട്. മൂന്ന് മുന്നണികളുടെയും പ്രധാനപ്പെട്ട സംസ്ഥാന നേതാക്കളെല്ലാം പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലങ്ങളിലെ പൊതുയോഗങ്ങളില്‍ പ്രസംഗിക്കുകയും വോട്ടര്‍മാരെ പരമാവധി നേരില്‍ക്കണ്ട് വോട്ടുതേടുകയും ചെയ്യുകയാണ്.
തിരുവനന്തപുരം
ശക്തമായ തൃകോണ മല്‍സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. തലസ്ഥാന മണ്ഡലത്തെ 2009 മുതല്‍ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്ന വിശ്വപൗരന്‍ ശശി തരൂരിനെ എതിര്‍ക്കാന്‍ ഇടതുമുന്നണി അവതരിപ്പിച്ചിരിക്കുന്നത് സി.പി.ഐയുടെ സമുന്നത നേതാവ് പന്ന്യന്‍ രവീന്ദ്രനെയാണ്. ഇരുമുന്നണികളെയും മുട്ടുകുത്തിച്ച് മണ്ഡലം പിടിച്ചെടുക്കാന്‍ എന്‍.ഡി.എ ഇറക്കിയിരിക്കുന്നത് കേന്ദ്രമന്ത്രിയും പ്രമുഖ വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറിനെയാണ്. രാജീവിന്റെ സാന്നിധ്യം തലസ്ഥാനത്ത കടുത്ത തൃകോണ മല്‍സരത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. മൂന്ന് മുന്നണികളും വികസനമാണ് തിരുവനന്തപുരം മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
ആറ്റിങ്ങല്‍
സിറ്റിംഗ് എം.പി കോണ്‍ഗ്രസിലെ അടൂര്‍ പ്രകാശിനെ നേരിടുന്നത് ഒരു രാജ്യസഭാ എം.പിയും ഒരു എം.എല്‍.എയുമാണ്. തിരുവനന്തപുരത്തെ പോലെ തന്നെ ഇവിടെയും തൃകോണ മല്‍സരമാണ് അരങ്ങേറുന്നത്. എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഇടതുപക്ഷത്തിന്റെ സാരഥിയായി രണ്ടുതവണയായി വര്‍ക്കലയെ നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്ന സി.പി.എമ്മിലെ വി. ജോയിയുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.പിയായിരുന്ന സി.പി.എമ്മിലെ എ സമ്പത്തിനെതിരേ നാല് ശതമാനം അധികം വോട്ടുവാങ്ങിയാണ് അടൂര്‍ പ്രകാശ് മണ്ഡലം പിടിച്ചെടുത്ത് ലോക്‌സഭയിലെത്തിയത്. ഇത്തവണയും മണ്ഡലം നിലനിര്‍ത്താനുള്ള തന്ത്രങ്ങള്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ജനകീയനായ ജോയിയെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. ബി.ജെ.പിയാകട്ടെ, കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തില്‍ സീറ്റ് പിടിച്ചെടുക്കാനുള്ള തത്രപ്പാടിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 24.69 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞെങ്കില്‍ ഇത്തവണ വിജയത്തിലേക്ക് എത്തിക്കുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കൂടി പ്രചാരണത്തിന് മണ്ഡലത്തിലെത്തിയതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ.
കൊല്ലം
ആര്‍.എസ്.പിയുടെ ശക്തികേന്ദ്രമായ കൊല്ലത്ത് ആര്‍.എസ്.പിയെ പ്രതിനിധീകരിക്കുന്നത് യുഡി.എഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എം.പിയുമായ എന്‍.കെ പ്രേമചന്ദ്രനാണ്. പ്രേമചന്ദ്രനെ തളയ്ക്കാന്‍ സി.പി.എം ഇറക്കിയതാകട്ടെ സെല്ലുലോയിഡിലെ താരം എം. മുകേഷിനെയാണ്. രണ്ടുതവണയായി കൊല്ലം മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്ന മുകേഷിന്റെ താരപ്പൊലിമ ലോക്‌സഭാ സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. എന്നാല്‍, സി.എ.എ അടക്കമുള്ള വിഷയങ്ങളിലും പാര്‍ലമെന്റിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലും ജനസമ്മതി നേടിയിട്ടുള്ള പ്രേമചന്ദ്രനെ തളയ്ക്കാന്‍ മുകേഷിനാകില്ലെന്ന് യു.ഡി.എഫ് പക്ഷം അവകാശപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ.എന്‍ ബാലഗോപാലിനെ ഒന്നരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തിയത്. രാഷ്ട്രീയത്തിലെ ഗ്ലമാര്‍ താരമായ പ്രേമചന്ദ്രനെ നേരിയാന്‍ സിപിഎം താരത്തെ ഇറക്കിയപ്പോള്‍ ബിജെപിയും സിനിമാനടനെതന്നെ കളത്തിലിറക്കി. സിനിമ-സീരിയല്‍ താരം ജി കൃഷ്ണകുമാറാണ് ബിജെപി സ്ഥാനാര്‍ഥി.
പത്തനംതിട്ട
തെരഞ്ഞെടുപ്പ് പ്രചാരണം വളരെ നേരത്തെ തന്നെ ആരംഭിച്ച മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. സിറ്റിംഗ് എം.പി കോണ്‍ഗ്രസിലെ ആന്റോ ആന്റണിയെ നേരിടുന്നത് മുന്‍ ധനകാര്യമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ. തോമസ് ഐസക്കാണ്. ആന്റോയുടെ നേതാവായ എ.കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണിയാണ് ബിജെപി സ്ഥാനാര്‍ഥി. അനിലിന്റെ സാന്നിധ്യമാണ് പത്തനംതിട്ടയില്‍ തുടക്കംമുതല്‍ ചര്‍ച്ച. അടുത്തിടെ ബിജെപി പാളയത്തില്‍ എത്തിയ പി സി ജോര്‍ജ് നോട്ടമിട്ട സീറ്റാണ് ജോര്‍ജിനെ തള്ളി അനില്‍ ആന്റണിക്ക് ബിജെപി നല്‍കിയത്. ഇടതുപക്ഷം ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് പത്തനംതിട്ടയില്‍ ലക്ഷ്യമിടുന്നത്. ഐസക്കിലൂടെ പത്തനംതിട്ട പിടിച്ചെടുക്കുമെന്ന വാശിയിലുള്ള പോരാട്ടമാണ് മുന്നണി അവിടെ കാഴ്ചവയ്ക്കുന്നത്.
ആലപ്പുഴ
വയനാട്ടിലേതുപോലെ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ നേതാവ് മല്‍സരിക്കുന്ന മണ്ഡലമായാണ് ആലപ്പുഴയെ വിശേഷിപ്പിക്കുന്നത്. സിപിഎമ്മിനും ആലപ്പുഴ പ്രസ്റ്റീജ് മണ്ഡലമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കുത്തൊഴുക്കില്‍പ്പെട്ടുപോയപ്പോഴും പിടിച്ചുനിന്ന മണ്ഡലമാണ് ആലപ്പുഴ. അതുകൊണ്ടുതന്നെ സിറ്റിംഗ് എം.പി എ.എം ആരിഫിനെ നേരത്തെ തന്നെ കളത്തിലിറക്കി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. സ്ഥാനാര്‍ഥി നിര്‍ണയം സസ്‌പെന്‍സില്‍ വച്ച് അവസാനനിമിഷം കളത്തിലിറങ്ങിയ കോണ്‍ഗ്രസിലെ കെ. സി വേണുഗോപാലിന് ആലപ്പുഴയില്‍ ജയിച്ചേമതിയാകൂ. പാര്‍ട്ടിയിലും മുന്നണിയിലും ജനങ്ങള്‍ക്കിടയിലും കെ.സിക്ക് തന്റെ കഴിവ് തെളിയിക്കേണ്ട അവസ്ഥയാണ്. സ്ഥാനാര്‍ഥി കുപ്പായം പലരും തുന്നിയിരുന്നെങ്കിലും കെ സി നിശ്ചയിക്കുന്നതുപോലെയേ കാര്യം നടക്കൂ എന്നറിയാവുന്നതുകൊണ്ട് പലരും മുന്നോട്ടുവന്നില്ല. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ എം.പിയായ കെ.സി വേണുഗോപാല്‍ ലോക്‌സഭയിലേക്ക് പോയാല്‍ അവിടെ ഒരു സീറ്റ് ബിജെപിക്ക് കൂടുമെന്നത് വ്യക്തമാണെങ്കിലും ലോക്‌സഭയിലെ സീറ്റിനാണ് മുന്‍തൂക്കമെന്ന എതിര്‍വാദമുയര്‍ത്തിയാണ് കെ.സി പ്രചാരണം തുടങ്ങിയതുതന്നെ. ബിജെപിയിലെ ശോഭാ സുരേന്ദ്രനാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. ശക്തമായ രാഷ്ട്രീയപ്പോരാട്ടം നടക്കുന്ന മണ്ഡലമാണ് ആലപ്പുഴ.
മാവേലിക്കര
എട്ടാമങ്കത്തിനിറങ്ങിയ കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ പിടിച്ചുകെട്ടാന്‍ സിപിഐ നിയോഗിച്ചിരിക്കുന്നത് തെരഞ്ഞെടുപ്പ് രംഗത്തെ കന്നിക്കാരനെയാണ്. കൊടിക്കുന്നില്‍ ഇത്തവണ മാറി നില്‍ക്കണമെന്ന ആഗ്രഹം നേതൃത്വത്തെ അറിയിച്ചെങ്കിലും സിറ്റിംഗ് എം.പിമാരെല്ലാം മല്‍സരിക്കണമെന്ന ഹൈക്കമാന്റ് നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. ഇത് എട്ടാം തവണയാണ് കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയിലേക്ക് മല്‍സരിക്കുന്നത്. സി.പി.ഐ ആലപ്പുഴ ജില്ലാ എക്‌സിക്യുട്ടീവ് അംഗവും എ.ഐ.വൈ.എഫ് നേതാവും മന്ത്രി സി പ്രസാദിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ സി.എ അരുണ്‍കുമാറാണ് ഇടതുസ്ഥാനാര്‍ഥി. മൂന്ന് ജില്ലകളിലായി പടര്‍ന്നുപന്തലിച്ചുകിടക്കുന്ന മാവേലിക്കര മണ്ഡലത്തില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ബിഡിജിഎസിലെ ബൈജു കലാശാലയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.
കോട്ടയം
കേരള കോണ്‍ഗ്രസുകളുടെ പോരാട്ട ഭൂമിയാണ് കോട്ടയം മണ്ഡലം. കഴിഞ്ഞ തവണ യു.ഡി.എഫ് ടിക്കറ്റില്‍ മല്‍സരിച്ച് വിജയിച്ച തോമസ് ചാഴിക്കാടന്‍ ഇത്തവണ ഇടതുമുന്നണിയെ പ്രതിനിധീകരിക്കുന്നു. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റമാണ് ചാഴിക്കാടന് ഇത്തവണ ഇടതുപാളയത്തിലെത്തി മല്‍സരിക്കേണ്ടിവന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഫ്രാന്‍സിസ് ജോര്‍ജാണ്. കേരള കോണ്‍ഗ്രസുകളുടെ പോരാട്ടത്തിനിടയില്‍ ബിഡിജെഎസിന്റെ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ഇവിടുണ്ട്.
ഇടുക്കി
ഇടുക്കിയില്‍ മൂന്നാം തവണയാണ് അഡ്വ. ഡീന്‍ കുര്യാക്കോസും അഡ്വ. ജോയിസ് ജോര്‍ജും ഏറ്റുമുട്ടുന്നത്. 2014ലെ ആദ്യ മല്‍സരത്തില്‍ ഇടതുസ്ഥാനാ്ര്ഥിയായി ജോയിസ് ജോര്‍ജ് അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലോക്‌സഭയിലേക്ക് വണ്ടികയറിയതെങ്കില്‍ കഴിഞ്ഞതവണ ഒന്നേമുക്കാല്‍ ലക്ഷം വോട്ടിന്റെ വലിയ ഭൂരിപക്ഷം നേടി ഡീന്‍ കുര്യക്കോസ് മണ്ഡലം തിരിച്ച് പിടിച്ചു. ഇത്തവണയും രണ്ടുപേരുമാണ് കളത്തില്‍ ഇത്തവണ മണ്ഡലം എവിടേക്ക് ചായുമെന്ന് പ്രവചിക്കാനാകാത്ത പോരാട്ടമാണ്. അഡ്വ. സംഗീത വിശ്വനാഥാണ് ബിജെപി സ്ഥാനാര്‍ഥി.
എറണാകുളം
സിറ്റിംഗ് എം.പി ഡീന്‍ കുര്യാക്കോസിനെ നേരിടുന്നത് പുതുമുഖം കെ ജെ ഷൈന്ഡ ടീച്ചറാണ്. കഴിഞ്ഞ മൂന്നുതവണയായി വടക്കന്‍ പറവൂരിലെ നഗരസഭാംഗമായ ഷൈനെ തേടി അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ഥിത്വം എത്തിയത്. പൊതുവെ യുഡി.എഫ് അനുകൂല മണ്ഡലമെന്ന് വിശേഷിപ്പിക്കാവുന്ന എറണാകുളത്ത് ഷൈന്റെ സ്ഥാനാര്‍ഥിത്വം കാര്യങ്ങള്‍ മാറ്റിമറിക്കുമെന്ന പ്രതീക്ഷയാണ് ഇടതുപക്ഷത്തിനുള്ളത്. അതേസമയം, കഴിഞ്ഞതവണത്തേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്താന്‍ കഴിയുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. കഴിഞ്ഞ തവണ ആലപ്പുഴയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മല്‍സരിച്ച കെ.എസ് രാധാകൃഷ്ണനാണ് ഇത്തവണ എറണാകുളത്ത് മല്‍സരിക്കുന്നത്.
ചാലക്കുടി
കഴിഞ്ഞതവണത്തെ നടന്‍ ഇന്നസെന്റിനെതിരേ ലഭിച്ച ഒന്നേകാല്‍ ലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കാനിറങ്ങിയ കോണ്‍ഗ്രസിലെ ബെന്നി ബഹനാനെ തളയ്ക്കാന്‍ സിപിഎം ഇറക്കിയിരിക്കുന്നത് മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനെയാണ്. തൃശൂര്‍, എറണാകുളം ജില്ലകളിലായി കിടക്കുന്ന ചാലക്കുടി മണ്ഡലം പഴയ മുകുന്ദപുരം ഒഴിവാക്കിയപ്പോള്‍ പിറന്നതാണ്. 2008ല്‍ മണ്ഡലം രൂപീകരിക്കുംവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ മൂന്നുതവവണ മാത്രമാണ് ഇടതുമുന്നണി വിജയിച്ചിട്ടുള്ളത്. ചാലക്കുടി ആയശേഷം ഒരിക്കലും. പൊതുവെ യുഡിഎഫ് അനുകൂലമണ്ഡലമെന്ന് പറയാറുണ്ടെങ്കിലും രവീന്ദ്രനാഥിന്റെ സാന്നിധ്യം ഇത്തവണ യുഡിഎഫിനെ നന്നേ വെള്ളംകുടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ബിഡിജെഎസിലെ കെ എ ഉണ്ണികൃഷ്ണനാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.
പാലക്കാട്
പാലക്കാട് എപ്പോഴും അട്ടിമറി പ്രതീക്ഷിക്കാവുന്ന മണ്ഡലമാണ്. സിപിഎമ്മിലെ എം.ബി രാജേഷിനെ 2019ല്‍ വീഴ്ത്തി ലോക്‌സഭയിലെത്തിയ വി കെ ശ്രീകണ്്ഠനാണ് ഇത്തവണയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്നത്. ഭൂരിപക്ഷം കുറവായിരുന്നെങ്കിലും മണ്ഡലം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിനും ശ്രീകണ്ഠനുമായി. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളതെങ്കില്‍ സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവനെ പോരാട്ടത്തിനിറക്കി മണ്ഡലം പിടിച്ചെടുക്കാനുള്ള വാശിയിലാണ് ഇടതുകോട്ട. കഴിഞ്ഞതവണ രണ്ടേകാല്‍ ലക്ഷത്തോളം വോട്ട് പിടിച്ച ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ തന്നെയാണ് ഇത്തവണയും ബിജെപിയുടെ പോരാളി. കടുത്ത മല്‍സരമാണ് പാലക്കാട്ട് നടക്കുന്നത്. പുറത്തിറങ്ങിയ പലസര്‍വേകളിലും വിജയരാഘവന്‍ മണ്ഡലം പിടിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.
ആലത്തൂര്‍
സംസ്ഥാനത്ത് ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. അതിനുകാരണം മന്ത്രി കെ രാധാകൃഷ്ണന്‍ പോരാട്ടത്തിനിറങ്ങിയതാണ്. സിറ്റിംഗ് എം.പി രമ്യ ഹരിദാസ് ഇത്തവണ പാട്ടുംപാടി ജയിക്കില്ലെന്ന് ഇടതുക്യാമ്പുകള്‍ ഉറച്ചുവിശ്വസിക്കുന്നു. മന്ത്രിയുടെ വിജയം ഇടതുമുന്നണി കുറിച്ചിട്ടുകഴിഞ്ഞു. എന്നാല്‍ നാടിന്റെ പെങ്ങളൂട്ടിക്ക് ഒരു പേടിയുമില്ല. മന്ത്രിയല്ല, മുഖ്യമന്ത്രി വന്നാലും ആലത്തൂരില്‍ തനിക്കാണ് വിജയമെന്ന് സിറ്റിംഗ് എം.പി രമ്യ ഹരിദാസ് പറയുന്നു. കഴിഞ്ഞതവണത്തെ ഭൂരിപക്ഷം ഒന്നരലക്ഷത്തിന് മുകളിലായിരുന്നു. ഇത്തവണ രാഹുല്‍ ഗാന്ധിയെ അധികാരത്തിലെത്തിക്കാന്‍ ആലത്തൂരിലെ ജനവുമുണ്ടാകുമെന്ന് രമ്യ പറഞ്ഞു. ബിജെപിയിലെ കെ സരസുവാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.
തൃശൂര്‍
കോണ്‍ഗ്രസിലെ സിറ്റിംഗ് എം.പി മല്‍സരിക്കാത്ത കേരളത്തിലെ ഏക മണ്ഡലമാണ് തൃശൂര്‍. വടകര എം.പി കെ. മുരളീധരനെ തൃശൂരിലേക്ക് മാറ്റി സിറ്റിംഗ് എം.പി ടി എന്‍ പ്രതാപനെ ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പ്്. നടന്‍ സുരേഷ്‌ഗോപിയുടെ സാന്നിധ്യംകൊണ്ട് തൃശൂര്‍ നേരത്തെതന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സിപിഐയിലെ വി എസ് സുനില്‍കുമാറാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. കൃഷിമന്ത്രിയായി ശോഭിച്ച സുനില്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വം ഇടതുക്യാമ്പില്‍ വലിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. ശക്തമായ തൃകോണ മല്‍സരം നടക്കുന്ന തൃശൂരില്‍ ഫലം പ്രവചനാതീതമാകും. കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ പത്മജ വേണുഗോപാല്‍, സഹോദരനും എം.പിയുമായ കെ മുരളീധരനെതിരേ പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്്. എങ്കിലും കോണ്‍ഗ്രസിനെ തൃശൂര്‍ കൈവിടില്ലെന്നാണ് യുഡിഎഫ് കരുതുന്നത്.
പൊന്നാനി
പന്ത്രണ്ട് തവണയായി മുസ്ലിം ലീഗ് വെന്നിക്കൊടി പാറിക്കുന്ന മണ്ഡലമാണ് പൊന്നാനി. ഇത്തവണ മലപ്പുറം എം.പിയായ അബ്ദുസ്സമദ് സമദാനി പൊന്നാനിയിലും പൊന്നാനി എം.പിയായ ഇ.ടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തും മല്‍സരിക്കുന്നുവെന്ന വ്യത്യാസം മാത്രമാണ് ലീഗ് പക്ഷത്തുള്ളത്്. ലീഗ് കോട്ടയില്‍ കാര്യമായ ഒരു വിള്ളലും വീഴ്ത്താനാകില്ലെന്ന കണക്കുകൂട്ടലാണ് പൊന്നാനിയിലെ സ്ഥാനാര്‍ഥി സമദാനിക്കുള്ളത്. അതേസമയം, സിപിഎം ഇത്തവണ ലീഗ് കോട്ടയില്‍ പിടിമുറുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മാസങ്ങള്‍ക്കുമുമ്പ് ലീഗ് വിട്ടുവന്ന കെ എസ് ഹംസയിലൂടെ പൊന്നാനിയില്‍ അട്ടിമറി നടത്താനുള്ള നീക്കമാണ് സി.പി.എമ്മിന്റെത്. ഹംസയിലൂടെ സിപിഎം ലക്ഷ്യംവയ്ക്കുന്നത് ലീഗുമായി ഇടഞ്ഞുനില്‍ക്കുന്ന സമസ്തയുടെ വോട്ടാണ്. ഒപ്പം കാന്തപുരം വിഭാഗത്തിന്റെ വോട്ടുകൂടി ലഭിക്കുന്നതോടെ പൊന്നാനിയിലും മലബാറിലാകെയും മുന്നേറ്റം സൃഷ്ടിക്കാനാകുമെന്നാണ് കരുതല്‍. എന്നാല്‍, ലീഗ് അതൊക്കെ പുച്ഛിച്ചുതള്ളുകയാണ്. ജനാധിപത്യ പാര്‍ട്ടിയും സംഘടനയുമൊക്കെയാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കൂടെപ്പിറപ്പാണ്. എന്നുവച്ച് സന്നിഗ്ധ ഘട്ടത്തില്‍ ലീഗും സമസ്തയും വ്യത്യാസപ്പെടില്ലെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. കെ ടി ജലീലടക്കമുള്ള ഇടത് സഹയാത്രകരെ പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിപ്പിക്കാത്ത സി.പി.എം, താരതമ്യേന പുതുമുഖമായ ഹംസയ്ക്ക് ചിഹ്നം നല്‍കിയതിലും എന്തോ ലക്ഷ്യമിടുന്നുണ്ട്. ലീഗ് കോട്ടയെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ പൊന്നാനിയില്‍ ബിജെപി ഒരുലക്ഷത്തില്‍പ്പരം വോട്ട് നേടിയിരുന്നു. ഇക്കുറി ബിജെപി സ്ഥാനാര്‍ഥി അഡ്വ. നിവേദിത സുബ്രഹ്‌മണ്യനാണ്.
മലപ്പുറം
പൊന്നാനി പോലെ തന്നെ ലീഗിന്റെ പൊന്നാപുരം കോട്ടയാണ് മലപ്പുറവും. ഇക്കുറി പൊന്നാനിയില്‍ നിന്നെത്തിയ ഇ.ടി മുഹമ്മദ് ബഷീര്‍ ലീഗിനെ പ്രതിനിധീകരിക്കുമ്പോള്‍ ഇടതുസ്ഥാനാര്‍ഥി ഡിവൈഎഫ്‌ഐ നേതാവ് വി വസീഫാണ്. പൊതുവെ ലീഗിലെ സൗമ്യമുഖമായ ഇ.ടിക്ക് വലിയ വെല്ലുവിളി മലപ്പുറത്തില്ലെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നതെങ്കിലും കാര്യങ്ങള്‍ അത്രത്തോളം സേഫ് അല്ലെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്്. സമസ്ത കാന്തപുരം വിഭാഗത്തിന്റെ പരിപൂര്‍ണ പിന്തുണയോടെയാണ് വസീഫിനെ ഇടുതമുന്നണി സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായും അദ്ദേഹത്തി്‌ന്റെ മര്‍ക്കസുമായും അഭേദ്യമായ ബന്ധം പുലര്‍ത്തുന്ന വസീഫിന് ഇ.കെ വിഭാഗം സമസ്തയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ലഭിക്കുമെന്നാണ് കണക്കൂട്ടല്‍. ലീഗ് വിരുദ്ധ സമസ്ത അണികളെ പൊന്നാനിയിലും മലപ്പുറത്തും കൂടെ നിര്‍ത്തി ലീഗ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് എല്‍ഡിഎഫ് അടിവരയിട്ട് പറയുന്നു. ഇതൊന്നും പരമ്പരാഗത വോട്ട് ലഭ്യതയെ ബാധിക്കില്ലെന്നാണ് ലീഗിന്റെ വിശ്വാസം. മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അബ്ദുല്‍ സലാമാണ് മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ഥി.
കോഴിക്കോട്
കഴിഞ്ഞതവണ 85000ല്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തിയ എം..കെ രാഘവനെ ഇത്തവണ നേരിടുന്നത് സിപിഎമ്മിന്റെ ശക്തനായ പോരാളി എളമരം കരീമാണ്. കോഴിക്കോട്ടെ ജനകീയനായ എം.എല്‍.എയായിരുന്ന എ പ്രദീപ്കുമാറിനെ തറപറ്റിച്ച തനിക്ക് ആരുടെയും സാന്നിധ്യം വിജയപ്രതീക്ഷയില്‍ മങ്ങലേല്‍പ്പിക്കാനാകില്ലെന്ന് എം.കെ രാഘവന്‍ പറയുന്നു. 2009ലും 2014ലും എം.കെ തന്നെയായിരുന്നു കോഴിക്കോട്ടെ വിജയി. ഇരുസമസ്ത വിഭാഗവുമായും ഇതര സമുദായങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുന്ന എം.കെ രാഘവന് അനുകൂല സാഹചര്യമാണ് ഇത്തവണയുമെന്ന് യുഡിഎഫ് കേന്ദ്രങ്ങളും വ്യക്തമാക്കുന്നു. എന്നാല്‍, ഇത്തവണ സാഹചര്യം മാറിയിട്ടുണ്ടെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. ആകെയുള്ള എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴിലും ഇടതുസ്ഥാനാര്‍ഥികളാണ് വിജയിച്ചത്. ആ സാഹചര്യത്തില്‍ നിന്ന് കോഴിക്കോട് മാറിയിട്ടി്‌ല്ലെന്നാണ് ഇടതുകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. 2019ല്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. പ്രകാശ് ബാബു 161216 വോട്ടുകള്‍ നേടിയത് ബിജെപിക്കും പ്രതീക്ഷ നല്‍കുന്നു. ഇത്തവണ അതിലും നില മെച്ചപ്പെടുമെന്നാണ് ബിജെപി കരുതുന്നത്. സംസ്ഥാന നേതാവ് എം.ടി രമേശാണ് ബിജെപി സ്ഥാനാര്‍ഥി.
വടകര
സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. രണ്ട് എം.എല്‍.എമാര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ഭൂരിപക്ഷം നേടി മട്ടന്നൂരില്‍ നിന്ന വിജയിച്ച കെ കെ ശൈലജ ഇടതുപക്ഷത്തും മെട്രോമാന്‍ ഇ. ശ്രീധരനെ പിന്തള്ളി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ വിജയം നേടിയ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലുമാണ് വടകരയില്‍ പോരടിക്കുന്നത്. ശക്തമായ രാഷ്ട്രീയപ്പോരാട്ടഭൂമികയായി വടകര മാറിയിരിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. വടകരയിലെ എം.പി കെ മുരളീധരനെ തൃശൂരിലേക്ക് മാറ്റിയാണ് ഷാഫി ഇവിടേക്ക് കൊണ്ടുവന്നത്. രാഷ്ട്രീയക്കളരിപ്പയറ്റുകളുടെ പേരില്‍ എക്കാലവും വടകര ശ്രദ്ധാ കേന്ദ്രമാണ്. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകമാണ് ഇവിടെ ഇപ്പോഴും മുഖ്യചര്‍ച്ചാവിഷയം. എന്നാല്‍ അതൊക്കെ പഴയകഥകളെന്ന് പറഞ്ഞ് ഒന്നരപതിറ്റാണ്ടുമുമ്പ് കൈവിട്ടുപോയ മണ്്ഡലം ചുവപ്പിച്ചെടുക്കുകയാണ് ശൈലജ ടീച്ചറുടെ ലക്ഷ്യം. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍ കൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ഥി.
വയനാട്
ഇന്ത്യയുടെ വി.വി.ഐ.പി മണ്ഡലങ്ങളിലൊന്നായി കൊച്ചുകേരളത്തിന്റെ വയനാട് മാറിയത് 2019 ഓടെയാണ്. രാഹുല്‍ ഗാന്ധിയുടെ വരവോടെ താരപദവി ലഭിച്ച വയനാട്ടില്‍ നാല് ലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയാണ് അദ്ദേഹത്തെ വയനാട് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഇത്തവണയും രാഹുലിന് വയനാട് അ്ല്ലാതെ മറ്റൊന്ന് ചിന്തിക്കേണ്ടിവന്നില്ല. ദേശീയരാഷ്ട്രീയം ഉറ്റുനോക്കുന്ന വയനാട്ടിലെ തെരഞ്ഞെടുപ്പില്‍ ഇത്തവണ രാഹുലിനെ എതിരിടുന്നത് സിപിഐ ദേശീയ നേതാവ് ആനിരാജയാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മല്‍സരിക്കുന്നു. കഴിഞ്ഞതവണ എന്‍.ഡി.എയിലെ ഘടകകക്ഷിയായ ബിഡിജെഎസിന്റെ അധ്യക്ഷനായ തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി. എഴുപതിനായിരത്തില്‍പ്പരം വോട്ടാണ് തുഷാറിന് പിടിക്കാനായത്. ഇത്തവണ മുന്നണിയിലെ പ്രധാനപാര്‍ട്ടിയുടെ അധ്യക്ഷനെ തന്നെ സ്ഥാനാര്‍ഥിയായി എന്‍.ഡി.എ ഇറക്കി. രാഹുല്‍ ഗാന്ധി രണ്ടുതവണ ഇതിനിടെ വയനാട്ടില്‍ വന്നു. അതുമതി രാഹുലിന്റെ പ്രചാരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഹുല്‍ഗാന്ധി കഴി്ഞ്ഞതവണത്തേതിനേക്കാള്‍ കൂടുതല്‍ വോട്ടുനേടി ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന് യു.ഡി.എഫ് കണക്കാക്കുന്നു.
കണ്ണൂര്‍
ചെങ്കോട്ടയാണെങ്കിലും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പിടിക്കാന്‍ കഴിയാത്തത് സിപിഎമ്മിന് തലവേദനയാണ്. 2014ല്‍ പി കെ ശ്രീമതിയിലൂടെ മണ്ഡലം പിടിച്ചതാണെങ്കിലും കഴിഞ്ഞതവണ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ മുമ്പില്‍ ശ്രീമതിക്ക് കാലിടറി. ഇത്തവണ എങ്ങനെയും മണ്ഡലം പിടിച്ചടക്കണമെന്ന വാശിയിലാണ് പാര്‍ട്ടി. അതിനായി പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ തന്നെയാണ്. ആദ്യം വിമുഖത കാട്ടിയെങ്കിലും അവസാന നിമിഷമാണ് സിറ്റിംഗ് എം.പി കെ. സുധാകരനും കളത്തിലിറങ്ങിയത്. ശക്തമായ രാഷ്ട്രീയപ്പോരാട്ടമാണ് കണ്ണൂരില്‍ നടക്കുന്നത്. കഴിഞ്ഞതവണ ഒരു ലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് സുധാകരന്‍ മണ്ഡലം പിടിച്ചത്. എതിരാളികളുടെ മടയിലെത്തി വോട്ട് ചോദിക്കാനും എതിരാളികള്‍ക്ക് മറുപടി കൊടുക്കാനുമുള്ള സുധാകരന്റെ ധൈര്യമാണ് ചുവന്നകോട്ടയില്‍ സുധാകരന് വിജയം അനുകൂലമാകുന്നത്. ഇത്തവണ വന്യജീവി ശല്യവും പാനൂരിലെ ബോംബ് പൊട്ടലുമൊക്കെ പ്രചാരണായുധമാക്കി മുന്നേറുകയാണ് സുധാകരന്‍. സുധാകരന്റെ സന്തതസഹചാരിയായിരുന്ന സി രഘുനാഥ് ആണ് ഇക്കുറി എന്‍.ഡിഎ സ്ഥാനാര്‍ഥി. രഘുനാഥ് പിടിക്കുന്ന വോട്ടുകള്‍ സുധാകരന്റെതാകുമോ എന്ന് കാത്തിരുന്ന് കാണാം. എന്നാല്‍ ജില്ലാ സെക്രട്ടറിയെ തന്നെയിറക്കി മല്‍സരിപ്പിക്കുന്നത് മണ്ഡലം ഏതുവിധേനയും തിരിച്ചുപിടിക്കണമെന്ന വാശിയിലാണ്. ജില്ലയിലെ ഏത് വിഷയത്തിലും ഓടിയെത്തി ഇടപെടല്‍ നടത്തുന്നതില്‍ പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള എം. വിജയരാജന്റെ വിജയം സുനിശ്ചതമാണെന്ന് ഇടത് കേന്ദ്രങ്ങള്‍ ഉറപ്പിക്കുന്നു.
കാസര്‍കോട്
സപ്തഭാഷാ സംഗമഭൂമിയില്‍ ഇത്തവണയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വെന്നിക്കൊടി പാറിക്കുമോ? എങ്കിലത് ഇടതുപക്ഷത്തിന് വലിയ ക്ഷീണം ചെയ്യും. നാല്‍പ്പത് വര്‍ഷത്തിലേറെ ചെങ്കൊടി പാറിയ കാസര്‍കോട് മണ്ഡലത്തില്‍ 2014 ടി സിദ്ദീഖ് വിജയത്തിനടുത്തെത്തുകയും 2019ല്‍ കൊട്ടാരക്കരക്കാരനായ രാജ്‌മോഹനുണ്ണിത്താന്‍ കേരളത്തിന്റെ വാലറ്റത്ത് വിജയം എത്തിപ്പിടിക്കുകയും ചെയ്‌തെങ്കില്‍ ഇനിയും മൂവര്‍ണക്കൊടി പാറിക്കാന്‍ കഴിയുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. മഞ്ചേശ്വരത്തും കാസര്‍കോട്ടും സിപിഎമ്മിനേക്കാള്‍ മുന്‍പിലെത്താന്‍ കഴിഞ്ഞതവണ ബി.ജെ.പിക്കായെങ്കിലും അതിനപ്പുറത്തേക്ക് കടക്കാനാകുന്നില്ലെന്നത് അവരെ കുഴയ്ക്കുന്നു. സിപിഎം ഇത്തവണ എം.വി ബാലകൃഷ്ണനെ കളത്തിലിറക്കിയാണ് പോരാട്ടം കാഴ്ചവയ്ക്കുന്നത്. ബാലകൃഷ്ണന്‍ രാജ് മോഹന്‍ ഉണ്ണിത്താനെ കെട്ടുകെട്ടിക്കുമോ? കാത്തിരുന്ന് കാണാം. ബിജെപിയിലെ എം.എല്‍ അശ്വനിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.