കോട്ടയം: തിരുവാതുക്കലിൽ ദമ്പതികളെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ബിസ്‌നസുകാരനും മുൻ പ്രവാസിയുമായ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടേമുക്കാലോടെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
രക്തം വാർന്ന നിലയിൽ രണ്ട് ഇടങ്ങളിലായിരുന്നു ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഒരു മൃതദേഹം കിടപ്പ് മുറിയിലും മറ്റൊരെണ്ണം ഹാളിലുമായിരുന്നു. മൃതദേഹങ്ങളിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. സംഭവസ്ഥലത്തു നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വെസ്റ്റ് പോലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകളുണ്ട്. ഇരുവരുടെയും തലയ്‌ക്കേറ്റ മുറിവാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. വ്യക്തിവൈരാഗ്യമാകാം കൊലപാതക കാരണമെന്ന് കോട്ടയം എസ്.പി ഷാഹുൽഹമീദ് പറഞ്ഞു.
പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചുവരികയാണ്. ഇരുനില വീട്ടിൽ വിജയകുമാറും മീരയും മാത്രമാണ് താമസിച്ചുവരുന്നത്. വിദേശത്തായിരുന്ന വിജയകുമാർ വിരമിച്ച ശേഷം നാട്ടിൽ ഭാര്യക്കൊപ്പം കഴിയുകയായിരുന്നു. സംഭവത്തിനു പിന്നിൽ ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി അമിത് ആണെന്ന് സംശയമുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യം റെക്കോർഡ് ചെയ്യുന്ന ഡിവിആർ (ഡിജിറ്റൽ വിഡിയോ റെക്കോർഡർ) മോഷ്ടിച്ചതായും പോലീസ് വ്യക്തമാക്കി. മാസങ്ങൾക്ക് മുമ്പ് സ്വഭാവദൂഷ്യം കാരണം ഇതര സംസ്ഥാന തൊഴിലാളിയെ ജോലിയിൽനിന്ന് വിജയകുമാർ പിരിച്ചുവിട്ടിരുന്നു. ഫോൺ മോഷ്ടിച്ചതിനാണ് പിരിച്ചുവിട്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്.