കോഴിക്കോട്– സ്വകാര്യ ബസിനുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായെന്ന ആരോപണത്തെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ബസ് ജീവനക്കാർ. ആരോപണം ഉയർന്ന ദിവസം ബസിനുള്ളിൽ വെച്ച് ആരും തന്നെ പരാതിപ്പെട്ടിട്ടില്ലെന്നും അസ്വാഭാവികമായ ഒന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ജീവനക്കാർ വ്യക്തമാക്കി. പ്രമുഖ മാധ്യമത്തോടാണ് ജീവനക്കാർ വെളിപ്പെടുത്തിയത്.
സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചപ്പോഴാണ് തങ്ങളുടെ ബസിലാണ് സംഭവം നടന്നതെന്ന് തിരിച്ചറിഞ്ഞതെന്ന് ഇവർ പറഞ്ഞു. ബസിനുള്ളിൽ അത്തരമൊരു പ്രശ്നം ആരെങ്കിലും ഉന്നയിച്ചിരുന്നെങ്കിൽ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുമായിരുന്നു. സംഭവത്തിന് പിന്നാലെ ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. നിലവിൽ ലഭ്യമായ ദൃശ്യങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും ജീവനക്കാർ അറിയിച്ചു.
ബസിനുള്ളിൽ വെച്ച് ദീപക് എന്ന യുവാവ് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



