കോഴിക്കോട് – പി എസ് സി നിയമനത്തിന്റെ പേരില്‍ കോഴവാങ്ങിയെന്ന ആരോപണത്തില്‍ തന്നെ പുറത്താക്കിയ സി പി എം ജില്ലാ കമ്മറ്റിയുടെ നടപടിയ്ക്കെതിരെ അപ്പില്‍ നല്‍കാന്‍ മുന്‍ ടൗണ്‍ ഏരിയ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളി. പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷനും സംസ്ഥാന സെക്രട്ടറിക്കും ഇത് സംബന്ധിച്ച് കത്ത് നല്‍കും. എന്താണ് നടന്നതെന്ന് കണ്‍ട്രോള്‍ കമ്മീഷന് മുന്നില്‍ വിശദീകരിക്കുമെന്നും സത്യസന്ധത ബോധ്യപ്പെടുത്തണമെന്നും അന്വേഷണക്കമ്മീഷന്‍ തന്റെ ഭാഗം കേട്ടിട്ടില്ലെന്നുമാണ് പ്രമോദ് കോട്ടൂളി പറയുന്നത്. പരാതിക്കാരനായ ശ്രീജിത്ത് തനിക്ക് പണം നല്‍കിയില്ലെന്ന് പറഞ്ഞു. കൂടുതല്‍ പറയേണ്ടത് ശ്രീജിത്താണ്. ഗൂഢാലോചന എന്തിന് എന്നത് മാത്രം മനസ്സിലാകുന്നില്ലെന്നും പ്രമോദ് കോട്ടൂളി പറയുന്നു.
പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സി പി എം ജില്ലാ സെക്രട്ടറി പി മോഹനനാണ് അറിയിച്ചത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്നും പി എസ് സി കോഴയുമായി ബന്ധപ്പെട്ട് ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നുമായിരുന്നു പി മോഹനന്റെ പ്രതികരണം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനും പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയതിനുമാണ് നടപടിയെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചിരുന്നു. പാര്‍ട്ടി ഭരണഘടന അനുസരിച്ച് എല്ലാ വശങ്ങളും പരിശോധിച്ചാണ് നടപടി. ഏകകണ്ഠമായാണ് പ്രമോദിനെ പുറത്താക്കാനുള്ള തീരുമാനം ജില്ലാ കമ്മിറ്റിയെടുത്തതെന്നും പി മോഹനന്‍ പറഞ്ഞിരുന്നു.