- സ്വന്തമായി ഒരു ബൂട്ട് വാങ്ങണമെന്നും പഠിച്ചു വളർന്ന് കുടുംബത്തെ നന്നായി നോക്കാനാണ് സ്വപ്‌നം കാണുന്നതെന്നും അനിഷ പറഞ്ഞു. ജോലിസാഹചര്യങ്ങളാൽ അമ്മയ്ക്കും അച്ഛനും ഗ്രൗണ്ടിൽ എത്താനായില്ലെന്നും തന്റെ സന്തോഷമുഹൂർത്തം ഫോട്ടോ സഹിതം അറിയിക്കാൻ അവരുടെ ഫോണിന് വാട്‌സാപ്പ് സൗകര്യമില്ലെന്നും കാഴ്ചാ പരിമിതിയുള്ള കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി: സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൂട്ടുകാരിയിൽനിന്ന് കടം വാങ്ങിയ ബൂട്ടുമായെത്തി ട്രാക്കിൽ ഇറങ്ങിയ വിദ്യാർത്ഥിനിക്ക് നൂറു മീറ്ററിൽ സ്വർണനേട്ടം. ഭിന്നശേഷി വിഭാഗത്തിൽ 14 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച പാലക്കാടിന്റെ കെ അനിഷയാണ് സ്വർണ നേട്ടത്തിലൂടെ ഈ മനോഹര നിമിഷം സമ്മാനിച്ചത്.
കൊച്ചിയിൽ പുരോഗമിക്കുന്ന മേളയിലേക്ക് സുഹൃത്തിന്റെ ബൂട്ട് കടം വാങ്ങിയാണ് അനിഷ മൈതാനിയിലെത്തിയത്. മകൾ സ്വർണം നേടുമ്പോൾ അമ്മയും അച്ഛനും അവിടെ ഉണ്ടായിരുന്നില്ല. തൊഴിലുറപ്പ് ജോലിക്കാണ് അമ്മ പോകുന്നത്. കിണർ വലകൾ വിറ്റാണ് അച്ഛൻ ഉപജീവനം കണ്ടെത്തുന്നതെന്നും അനിഷ പറഞ്ഞു. വാട്ട്‌സാപ്പ് സൗകര്യമുള്ള ഫോണുകൾ ഇരുവർക്കുമില്ലാത്തതിനാൽ തന്റെ സന്തോഷമുഹൂർത്തം പകർത്തിയ ഫോട്ടോ അവർക്ക് അയച്ചുകൊടുക്കാനായില്ലെന്നും എങ്കിലും വളരെ സന്തോഷമുണ്ടെന്നും അനിഷ പ്രതികരിച്ചു.
ജന്മനാ കാഴ്ചാ പരിമിതിയുള്ള കുട്ടിയാണ് അനിഷ. ശസ്ത്രക്രിയയിലൂടെ 75 ശതമാനം കാഴ്ച വീണ്ടെടുക്കുകയുണ്ടായി. കാഴ്ചാപരിമിതിയുള്ളവരുടെ തന്നെ കാഴ്ച്ചാ തോതുകൾ വ്യത്യസ്തമായതിനാൽ മത്സരത്തിൽ തുല്യത വരുത്താൻ എല്ലാവരുടെയും കണ്ണ് കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയാണ് ഓട്ടമത്സരം നടത്തുക. ഗൈഡ് റണ്ണറായി ഒരാൾ ഇവരുടെ കൂടെയുണ്ടാകും.
മത്സരാർത്ഥിയുടെ കൈ, ഗൈഡ് റണ്ണറുടെ കൈയിൽ കൂട്ടിക്കെട്ടിയാണ് ഈ ഓട്ടമത്സരം. എസ് അബിനയാണ് അനിഷക്കായി ഗൈഡ് റണ്ണറായി ഓടിയത്. സ്വന്തമായി ഒരു ബൂട്ടാണ് തന്റെ ലക്ഷ്യമെന്നും പഠിച്ചു വളർന്ന് കുടുംബത്തെ നന്നായി നോക്കാനാണ് സ്വപ്‌നം കാണുന്നതെന്നും അനിഷ പറഞ്ഞു.