തിരുവനന്തപുരം – വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോഡി ഷെയ്മിംഗും റാഗിങ്ങും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടിയുമായി സംസ്ഥാന സർക്കാർ. ഇതിനായി നിയമ ഭേദഗതി കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 1998ലെ റാഗിങ് വിരുദ്ധ നിയമത്തിൽ കാലാനുസൃതമായ ഭേദഗതികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കരട് നിയമം സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി.
ഈ കരടിന് അന്തിമ രൂപം നൽകുന്നതിനായി രണ്ട് മാസം സമയം നൽകണമെന്ന് സംസ്ഥാന സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. അതിനിടെ, കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ)യും സർവകലാശാലാനിയന്ത്രണ കമ്മീഷനായ യുജിസിയും സമർപ്പിച്ച നിർദേശങ്ങൾ നിർണായകമാവുമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് (ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ) വ്യക്തമാക്കി. ഹർജികൾ രണ്ടാഴ്ചയ്ക്കകം വീണ്ടും പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്.
നവീകരിച്ച നിയമത്തിൽ ബിഎൻഎസ്, ഐടി ആക്ട്, എൻഡിപിഎസ് ആക്ട് തുടങ്ങിയ വിവിധ നിയമങ്ങളുടെ വകുപ്പുകൾ ഉൾപ്പെടുത്തി, റാഗിങ്ങിന്റെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് തടയിടാനാണ് ശ്രമം. പൊലീസ് സ്റ്റേഷനുകളിൽ വിദ്യാർഥി സൗഹൃദ ആൻ്റി-റാഗിങ് സെൽ സ്ഥാപിക്കുകയും സബ് ഇൻസ്പെക്ടറുടെയോ സീനിയർ സിവിൽ പൊലീസ് ഓഫിസറുടെയോ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ബീറ്റ് ഓഫിസറായി നിയമിക്കുകയും ചെയ്യും. ഇരകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നുമാണ് നിർദേശം.
റാഗിങ്ങ് സംബന്ധിച്ച വിവരം വിദ്യാഭ്യാസ സ്ഥാപനത്തിലെ അധികൃതർ മറച്ചുവെച്ചാൽ അതും കുറ്റമായി കണക്കാക്കും. ഏത് വിദ്യാർഥിയും റാഗിങ്ങിന് ഇരയാകാനുള്ള സാധ്യത പരിഗണിച്ച് കരട് നിയമത്തിൽ “ഫ്രഷർ” എന്ന പദം ഒഴിവാക്കേണ്ടത് അടക്കമുള്ള നിർദേശങ്ങൾ കെൽസ മുന്നോട്ട് വെച്ചിട്ടുണ്ട്. നിയമം യുജിസിയുടെ നിലവിലുള്ള റഗുലേഷനുകൾക്ക് വിരുദ്ധമാകരുതെന്നും യുജിസി ആവശ്യപ്പെട്ടു.
പഠനവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന എല്ലാ പൊതും സ്വകാര്യ ഇടങ്ങളും – വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെസിഡൻഷ്യൽ പ്രദേശങ്ങൾ, കളിസ്ഥലങ്ങൾ, ബസ് സ്റ്റാൻഡുകൾ, ഹോം സ്റ്റേകൾ, കോച്ചിംഗ് സെൻററുകൾ, ട്യൂഷൻ കേന്ദ്രങ്ങൾ, ഗതാഗതസൗകര്യങ്ങൾ എന്നിവയും നിയമപരിധിയിൽ ഉൾപ്പെടുത്തുകയാണ് പുതിയ കരട് ലക്ഷ്യമിടുന്നത്.