ജിദ്ദ: ജിദ്ദ-ജിസാൻ ഹൈവേയിൽ അലൈത്തിൽ ജൂലൈ 8 ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി ആവിലോറ പാറക്കൽ കിഴക്കേചെവിടൻ സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിന്റെ (26) മൃതദേഹം നാട്ടിൽ കബറടക്കി. സ്റ്റേഷനറി സാധനങ്ങൾ ജിസാനിലേക്ക് കൊണ്ടുപോവുകയായിരുന്ന ഡൈന വാഹനം ട്രെയ്‌ലറിന് പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
ജിദ്ദ ഫോറൻസിക് സെന്ററിൽ എംബാമിങ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ശനിയാഴ്ച രാവിലെ ജനാസ നമസ്കാരത്തിന് ശേഷം ജിദ്ദ-റിയാദ്-കോഴിക്കോട് ഫ്ലൈനാസ് വിമാനത്തിൽ വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോയി. സൗദി നാഷണൽ കെ.എം.സി.സി. വെൽഫെയർ കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെയും അലൈത്ത് കെ.എം.സി.സി. ഭാരവാഹികളുടെയും ജിദ്ദ കെ.എം.സി.സി. വെൽഫെയർ വിഭാഗത്തിന്റെയും കോഴിക്കോട് ജില്ലാ, കൊടുവള്ളി മണ്ഡലം കെ.എം.സി.സി. നേതാക്കളുടെയും നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി.
ഞായറാഴ്ച രാവിലെ 8:30ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ മൃതദേഹം കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, നാട്ടുകാർ എന്നിവർ ഏറ്റുവാങ്ങി. വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഉരുളികുന്ന് ജുമാ മസ്ജിദിൽ ജനാസ നമസ്കാരത്തോടെ കബറടക്കം നടത്തി. മുഹമ്മദ് ബാദുഷ അവിവാഹിതനായിരുന്നു.