- തെരഞ്ഞെടുപ്പ് കാലത്ത് പാലിക്കേണ്ട മര്യാദ സന്ദീപ് വാര്യർ എഫ്.ബി പോസ്റ്റിൽ കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
പാലക്കാട്: ബി.ജെ.പി നേതൃത്വത്തിനും പാലക്കാട്ടെ പാർട്ടി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനുമെതിരെ തുറന്നടിച്ച സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി പാർട്ടി നേതൃത്വം.
തന്നെ അമാനിച്ചെന്നും പാലക്കാട്ട് പ്രചാരണത്തിന് എത്തില്ലെന്നുമുള്ള സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ പാലക്കാട് ബി.ജെ.പി ഓഫീസിൽ അടിയന്തര യോഗം ചേരുന്നുണ്ട്. സംസ്ഥാന പ്രസിഡന്റും സ്ഥാനാർത്ഥിയും അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ സന്ദീപ് വാര്യർ വിഷയം ചർച്ചയാകും. ശേഷം ബി.ജെ.പി സംസ്ഥാന നേതാക്കളുടെ ഓൺലൈൻ യോഗവുമുണ്ട്. അച്ചടക്ക നടപടി വേണമെന്ന അഭിപ്രായം പലർക്കുമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് ധൃതിപിടിച്ച് നടപടി വേണ്ടതില്ലെന്നും കാത്തിരുന്ന് ഉചിതമായ നടപടിയാകാമെന്ന് അഭിപ്രായമുള്ളവരും നേതൃത്വത്തിലണ്ട്.
സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടിട്ടില്ലെന്നും വായിച്ചശേഷം മറുപടി പറയാമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് പാലിക്കേണ്ട മര്യാദ എഫ്.ബി പോസ്റ്റിൽ കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അപാകത ഉണ്ടെങ്കിൽ വീണ്ടും മാധ്യമങ്ങളെ കാണാമെന്നും കെ സുരേന്ദ്രൻ അറിയിച്ചു.
പാർട്ടിയോട് ആത്മാർത്ഥതയുള്ള ഒരു പ്രവർത്തകനും ഈസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കില്ലെന്ന് സി കൃഷ്ണകുമാർ പ്രതികരിച്ചു. സന്ദീപിന്റെ എഫ്.ബി പോസ്റ്റ് കണ്ടില്ല. വായിച്ചശേഷം മറുപടി നൽകും. സന്ദീപിന്റെ അമ്മ മരിച്ചപ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും വിളിച്ചിരുന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു.