- സംഘടനാ തെരഞ്ഞെടുപ്പിൽ ഗുണമുണ്ടാകുമെന്ന് പറഞ്ഞ് കുഴൽപ്പണം സംബന്ധിച്ച് വെളിപ്പെടുത്താൻ ശോഭയാണ് തന്നോട് പറഞ്ഞതെന്നും തിരൂർ സതീശ്
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയാൽ ബി.ജെ.പി നേതാക്കൾ ബുദ്ധിമുട്ടിലാകുമെന്നും ശോഭാ സുരേന്ദ്രൻ പറയുന്നത് പച്ചക്കളളമാണെന്നും അതോട് സഹാതാപം മാത്രമാണുള്ളതെന്നും കേസിലെ സാക്ഷിയും ബി ജെ പി തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറിയുമായ തിരൂർ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
കുഴൽപ്പണം സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തുറന്നു പറയാൻ ശോഭ തന്നോട് പറയുകയായിരുന്നു. ഡിസംബറിൽ സംഘടനാ തിരഞ്ഞെടുപ്പ് വരികയാണ്. ആ സമയം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞാൽ തനിക്കു ഗുണമുണ്ടാകുമെന്നയിരുന്നു ശോഭ പറഞ്ഞത്.
ശോഭ ഇപ്പോൾ മറ്റ് നേതാക്കൾ പറയുന്നത് ഏറ്റുപിടിച്ച് സ്വയം പരിഹാസ്യയാകരുത്. ശോഭയെ ജില്ലാ ഓഫീസിലേക്ക് കടത്തരുതെന്ന് പറഞ്ഞയാളാണ് നിലവിലെ തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ. സംസ്ഥാന വൈസ് പ്രസിഡന്റ് ഓഫീസിൽ വരുന്നത് തടയാൻ സാധ്യമല്ലെന്നും ഞാൻ പറഞ്ഞു. പണം എത്രയാണെന്നും അത് ആർക്കെല്ലാം ലഭിച്ചുവെന്നും പറഞ്ഞിട്ടില്ല. പണം ബി ജെ പി ഓഫീസിൽ എത്തിയെന്ന് പറഞ്ഞപ്പോൾ തന്നെ ബി ജെ പി സംസ്ഥാന പ്രസിഡന്റും ജില്ലാ പ്രസിഡന്റും വ്യക്തിഹത്യ നടത്തുകയാണെന്നും സതീഷ് ആരോപിച്ചു.
സി പി എം തന്നെ വിലയ്ക്ക് വാങ്ങിയെന്ന ആരോപണം വലിയ തമാശയാണ്. ആറര കോടിയല്ല, ഒമ്പത് കോടി രൂപയാണ് പാർട്ടി ഓഫിസിൽ കൊണ്ടുവന്നത്. സുരേന്ദ്രൻ ഒരു കോടി രൂപ തട്ടിയെടുത്തെന്നാണ് കുഴൽപ്പണ കേസിൽ കള്ളപ്പണക്കാരനായ ധർമരാജൻ പറഞ്ഞത്. ആദ്യം മൊഴി നൽകിയത് ജില്ലാ നേതാക്കളുടെ നിർദേശപ്രകാരമാണ്. ഇതിന് വിരുദ്ധമായ ചില സത്യങ്ങളാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. പണം ഓഫീസിൽ എത്തിയെന്ന് മാത്രമാണ് താൻ പറഞ്ഞത്. ആര് കൊണ്ടുവന്നു, എന്ത് ചെയ്തു എന്നിവയെക്കുറിച്ച് പറഞ്ഞിരുന്നില്ല.
പണം എത്തിച്ചെന്നു മാത്രം പറഞ്ഞപ്പോൾ ജില്ലാ അധ്യക്ഷനും സംസ്ഥാന അധ്യക്ഷനും തന്നെ വ്യക്തിഹത്യ നടത്താനാണ് ശ്രമിച്ചത്. എത്ര വന്നു, ആരെല്ലാം ഉപയോഗിച്ചു എന്നൊക്കെ വെളിപ്പെടുത്തിയാൽ ഒരുപാട് നുണകൾ അവർക്ക് പറയേണ്ടിവരും. കൊടകരയിൽ പണം നഷ്ടമായപ്പോൾ ധർമ്മരാജൻ ആദ്യം വിളിച്ചത് കെ സുരേന്ദ്രനെയും മകനെയുമാണ്. പാർട്ടിയുടെ അധ്യക്ഷനെയാണോ കള്ളപ്പണക്കാർ ബന്ധപ്പെടേണ്ടതെന്നും തിരൂർ സതീഷ് ചോദിച്ചു. നേരത്തെയും ധർമരാജനിൽ നിന്ന് സുരേന്ദ്രൻ പണം വാങ്ങിയിട്ടുണ്ട്. കോഴിക്കോട് നിന്ന് കൊണ്ടുവന്ന ഒരു കോടി രൂപ സുരേന്ദ്രൻ കൈപ്പറ്റിയിട്ടുണ്ട്. ബാക്കി 35 ലക്ഷം രൂപയാണ് ധർമരാജൻ തിരുവനന്തപുരത്ത് വി.വി രാജേഷിന് കൈമാറിയത്.
നുണകൾ തയ്യാറാക്കി ഇരിക്കുകയാണ് ബി ജെ പി നേതാക്കൾ. രണ്ടുവർഷം മുമ്പ് എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നാണ് ബി.ജെ.പി ജില്ലാ അധ്യക്ഷൻ പറഞ്ഞത്. എന്നാൽ, അദ്ദേഹം പറഞ്ഞ സമയം കഴിഞ്ഞ് ആറുമാസത്തോളം ഞാൻ ഓഫീസ് ചുമതലയിൽ ഉണ്ടായിരുന്നു. ഓഫീസിലെ ഓഡിറ്റിങിന് രേഖകൾ ഹാജരാക്കിയത് ഞാനാണ്. ഞാൻ പാർട്ടിയിൽ നിന്ന് സ്വമേധയാ പുറത്തു പോയതാണ്, അതല്ലാതെ ആരും പുറത്താക്കിയതല്ലെന്നും വരും ദിവസങ്ങളിൽ വിശദമായി കാര്യങ്ങൾ പറയാമെന്നും സതീഷ് പറഞ്ഞു.
മറ്റു പല നേതാക്കളോടും കുഴൽപ്പണത്തിന്റെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. വെളിപ്പെടുത്തലിന് ശേഷം സംസ്ഥാന ജില്ലാ നേതാക്കൾ തന്നെ വിളിച്ച് ഇപ്പോഴെങ്കിലും തുറന്നുപറഞ്ഞല്ലോ എന്ന് പറഞ്ഞതായും തിരൂർ സതീശ് വെളിപ്പെടുത്തി.
കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് തിരൂർ സതീശനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും തിരൂർ സതീശിനു പിന്നിൽ താനാണെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു.