തിരുവനന്തപുരം- കഴിഞ്ഞ കുറേക്കാലമായി ഇന്ത്യയിലെ മുഖ്യധാരാ പത്രങ്ങളും ചാനലുകളും ചില സമൂഹ മാധ്യമങ്ങളിലെ ഇന്‍ഫ്‌ളുവന്‍സര്‍മാരുള്‍പ്പെടേയും ബിജെപി ഐടി സെല്‍ ഉണ്ടാക്കിയെടുക്കുന്ന വ്യാജവാര്‍ത്തകളുടെ പ്രചാരകരും സന്ദേശവാഹകരുമാണെന്ന് ഫാക്ട് ചെക്കിംഗ് രംഗത്തെ വിദഗ്ദ്ധനും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനുമായ സുബൈര്‍.
കേരളാ മീഡിയാ അക്കാദമി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ മീഡിയാ ഫെസ്റ്റിവലിനോടനുബന്ധിച്ച് ടാഗോര്‍ തിയേറ്ററില്‍ നടന്ന ‘അനുഭവ സാക്ഷ്യം-ആക്‌സിഡന്റല്‍ ജേണലിസം’ എന്ന പാനല്‍ ഡിസ്‌കഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ജനതാപാര്‍ട്ടിയുടെ ഐടി സെല്ല് നല്‍കുന്ന വാര്‍ത്തകള്‍ തൊണ്ടതൊടാതെ വിഴുങ്ങുകയാണ് ഈ ലെഗസി മാധ്യമങ്ങള്‍. ഐടി സെല്ലിലെത്തുന്ന വാര്‍ത്തകളാവട്ടെ ആര്‍എസ്എസിന്റേയും സംഘപരിവാര്‍ ശക്തികളുടേയും ട്രോള്‍ ആര്‍മി നിര്‍മ്മിച്ചെടുക്കുന്നവയുമാണ്. അപരമത വിദ്വേഷവും കളവുമടങ്ങിയ മിസ്ഇന്‍ഫര്‍മേഷന്റെ കുത്തൊഴുക്കാണ് നിരന്തരമുണ്ടാവുന്നത്. ഇന്ത്യയിലെ മുഖ്യധാരാ അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍ കുറേക്കാലമായി ഏകാധിപത്യ ഭരണത്തിന്റെ സ്തുതി പാഠകരായി അവരുടെ നിലനില്‍പ്പിനു വേണ്ടി ചെയ്യുന്നത് ഈ വാര്‍ത്തകളുടെ ഉത്ഭവം പോലും നോക്കാതെ പ്രചരിപ്പിക്കുകയാണെന്നും ചില ഇന്‍ഫ്‌ളുവന്‍സര്‍മാരും ഇത് ചെയ്തുവരുന്നുവെന്നും സുബൈര്‍ വ്യക്തമാക്കി.
2014 പൊതു തെരഞ്ഞെടുപ്പോടെയാണ് ഇന്ത്യയില്‍ തെറ്റുകളേയും അഴിമതിയേയും ന്യായീകരിക്കാനുള്ള പ്രവണത കൂടുതല്‍ ശക്തമായത്. ഹിന്ദു-മുസ്ലിം വിഭജനത്തിനുള്ള കഠിനമായ പരിശ്രമങ്ങളും വ്യാപകമായിത്തുടങ്ങിയത് ഇക്കാലയളവില്‍ തന്നെയാണ്. പക്ഷെ നമ്മുടെ ദേശീയ മുഖ്യധാരാ മാധ്യമങ്ങളൊന്നും അവ കണ്ടതായി നടിച്ചില്ലെന്ന് മാത്രമല്ല തീരെ പോകെപ്പോകെ അത് റിപ്പോര്‍ട്ട് പോലും ചെയ്യാതെ ന്യായീകരിക്കുന്ന രൂപത്തിലേക്ക് മാറി. അക്കാലത്ത് തന്നെയാണ് സുബ്രഹ്‌മണ്യം സ്വാമിയെ അനുകരിച്ച് ഫെയ്‌സ്ബുക്കില്‍ സുഓ സ്വാമി എന്ന പേരില്‍ ഒരു ഹാസ്യരീതിയിലുള്ള പേജ് തുടങ്ങി രാഷ്ട്രീയ വിമര്‍ശനം ശക്തമാക്കിയത്. അതിന് സുബ്രഹ്‌മണ്യസ്വാമിയുടെ ഭാഷയും മറ്റുമായതിനാല്‍ സാങ്കേതികമായി തുടരാനായില്ല. 2017ലാണ് താനും നേരത്തെ പരിചയമുണ്ടായിരുന്ന ഗുജറാത്തിലെ പ്രതീക് സിന്‍ഹയും ചേര്‍ന്ന് ഫാക്ട് ചെക്കിംഗ് മുഖ്യഅജണ്ടയാക്കി ആള്‍ട്ട് ന്യൂസ് സ്ഥാപിക്കുന്നതെന്നും സുബൈര്‍ വിശദീകരിച്ചു.
മോദി പലതരം പദ്ധതികള്‍ തുടരെ തുടരെ പ്രഖ്യാപിച്ചതില്‍ സംശയം തോന്നിയതിനാലാണ് 2016 മുതല്‍ അതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയതെന്നും 21-22 പദ്ധതികളില്‍ എല്ലാം പഴയ പദ്ധതികള്‍ പുതിയ കുപ്പിയിലാക്കി ബ്രാന്‍ഡ് ചെയ്ത് അവതരിപ്പിക്കുകയായിരുന്നുവെന്ന സത്യം രേഖാമൂലം ബോധ്യമായെന്നും പ്രമുഖ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ രവി നായര്‍ പറഞ്ഞു. ഇക്കാര്യങ്ങളൊന്നും നമ്മുടെ പരമ്പരാഗത മാധ്യമങ്ങള്‍ കാണാതിരിക്കുന്നത് ബോധപൂര്‍വ്വമാണെന്ന് പിന്നീടാണ് മനസ്സിലായത്. ഏകാധിപത്യത്തിന് വേണ്ടി കുഴലൂത്ത് നടത്തുക മാത്രമല്ല പല വ്യാജവാര്‍ത്തകളും ബിജെപിക്ക് വേണ്ടി ഇവര്‍ നല്‍കുകയും ചെയ്യുന്നതായി മനസ്സിലാക്കിയാണ് കോര്‍പ്പറേറ്റ് രംഗത്ത് നിന്ന് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലേക്കിറങ്ങിയതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഗ്രന്ഥകാരനും മാധ്യമപ്രവര്‍ത്തകനുമായ എന്‍ പി ഉല്ലേഖ് മോഡറേറ്ററായിരുന്നു.