തൃശൂർ: അലങ്കോലമായ തൃശൂരിലെ പൂരനഗരിയിലേക്ക് ആംബുലൻസിൽ എത്തിയിട്ടില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തള്ളി ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ.
സുരേഷ് ഗോപി, സ്വരാജ് റൗണ്ടിൽ സഞ്ചരിച്ചത് ആംബുലൻസിൽ തന്നെയാണ്. റൗണ്ട് വരെ വന്നത് തന്റെ കാറിലാണ്. തിരുവമ്പാടി ദേവസ്വം ഓഫീസിന് സമീപം സുരേഷ് ഗോപി എത്തുന്നത് തടയാൻ പോലീസ് പരമാവധി ശ്രമിച്ചു. മറ്റു വാഹനങ്ങൾ കടത്തി വിടാത്തത് കൊണ്ടാണ് സേവാഭാരതി ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതെന്നും അനീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
സുരേഷ് ഗോപി ആറു കിലോമീറ്റർ സഞ്ചരിച്ചത് എന്റെ കാറിലാണ്. പിന്നീടൊരു നൂറു മീറ്റർ മാത്രമാണ് ആംബുലൻസിൽ പോയത്. അത് പോലീസ് പറഞ്ഞതു കൊണ്ടാണ്. റൗണ്ടിലേക്ക് ആംബുലൻസ് മാത്രമേ കടത്തി വിടൂ എന്നാണ് പോലീസ് അറിയിച്ചത്. അപ്പോൾ സേവാഭാരതിയുടെ ആംബുലൻസ് റൗണ്ടിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് ആംബുലൻസിൽ കയറിയത്. എന്നാൽ സ്വരാജ് റൗണ്ട് വരെയും അദ്ദേഹം വന്നത് കാറിൽ തന്നെയാണ്.
കെ സുരേന്ദ്രൻ പൂരനഗരിയിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് കൃത്യമായ വിശദാംശങ്ങൾ ഇല്ലാത്തതുകൊണ്ടാവും സുരേഷ് ഗോപി ആംബുലൻസിൽ വന്നുവെന്ന് പറഞ്ഞത്. സുരേന്ദ്രന്റെ പ്രസംഗം കേട്ടാൽ, താമസിച്ച സ്ഥലം മുതൽ പൂരനഗരി വരെ സുരേഷ് ഗോപി വന്നത് ആംബുലൻസിൽ എന്നാണ് തോന്നുക. എന്നാൽ, അതങ്ങനെയല്ല എന്ന് വ്യക്തമാക്കുകയാണ് സുരേഷ് ഗോപി ചെയ്തതെന്നും അനീഷ് കുമാർ വിശദീകരിച്ചു.
പൂരനഗരിയിലേക്ക് താൻ ആംബുലൻസിൽ പോയിട്ടില്ലെന്നാണ് ചേലക്കരയിലെ എൻ.ഡി.എ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി പറഞ്ഞത്. ബി.ജെ.പി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നും ആംബുലൻസിൽ പോയി എന്നത് മായക്കാഴ്ചയാണെന്നുമാണ് പറഞ്ഞത്. പൂര പ്രേമികളെ പോലീസ് തല്ലിയത് ചോദിക്കാനാണ് പോയത്. പൂരം കലക്കൽ പോലീസ് അന്വേഷിച്ചാൽ തെളിയില്ലെന്നും സി.ബി.ഐ വരണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇടത് മന്ത്രിമാർക്കു പോലും പ്രശ്‌നമുണ്ടായ പൂരസ്ഥലത്തേക്ക് പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ സുരേഷ് ഗോപി സേവാ ഭാരതിയുടെ ആംബുലൻസിൽ എത്തിയത് ഏറെ രാഷ്ട്രീയ ആരോപണങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. പോലീസ് സഹായത്തോടെ സുരേഷ് ഗോപി ആംബുലൻസ് ഉപയോഗിച്ച് സംഭവ സ്ഥലത്തെത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചുവെന്നാണ് വിമർശം. സ്ഥാനാർത്ഥിയായിരിക്കെ, മറ്റാർക്കും സാധിക്കാത്ത രീതിയിൽ ഭക്തർക്കിടയിൽ സ്വീകാര്യത നേടാനും പ്രശ്‌നപരിഹാരമുണ്ടാക്കാൻ നടൻ ശ്രമിച്ചുവെന്ന് ചിത്രീകരിക്കാനും തെരഞ്ഞെടുപ്പിൽ നേട്ടമാക്കാനും സാധിച്ചുവെന്നാണ് ആരോപണം.