കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇംഗ്ലീഷ് ജീവചരിത്ര ഗ്രന്ഥവുമായി ബന്ധപ്പെട്ട് യുവ എഴുത്തുകാരി ആദില ഹുസൈൻ ഉന്നയിച്ച ആരോപണത്തിൽ വിശദീകരണവുമായി മർകസ്. മർകസു സക്കാഫാത്തി സുന്നിയ്യയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിശദീകരണം നൽകിയത്.
ജീവചരിത്ര ഗ്രന്ഥ പ്രസാധനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ദൗർഭാഗ്യകരമാണെന്ന് മർകസ് പറഞ്ഞു. ഗ്രന്ഥം പുറത്തിറക്കുന്നതിൽ മർകസിനോ പ്രസ്ഥാനത്തിനോ നേരിട്ട് ബന്ധമില്ല. പ്രസ്തുത വിഷയത്തിൽ നീതിപൂർവമായ പരിഹാരം എത്രയും വേഗം കാണണമെന്നും അതുവരെ പുസ്തകം പുറത്തിറക്കരുതെന്ന വിയോജിപ്പ് പ്രസാധകരെ അറിയിച്ചതായും ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.
മർകസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ജീവിതം പ്രമേയമാകുന്ന പുസ്തകം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യം മർകസ് ഓർഫനേജ് പൂർവ വിദ്യാർഥിയും പിന്നീട് അദ്ദേഹം കണ്ടെത്തിയ പ്രസാധകരും ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. യാതൊരു ലാഭേച്ഛയും ഇല്ലാതെ ഒരു പൂർവ വിദ്യാർഥി ചെയ്യുന്ന ഉദ്യമം എന്ന നിലക്ക് കഴിയുന്ന സഹകരണവും ചെയ്തിരുന്നു. ഇതിൽ മർകസിനോ പ്രസ്ഥാനത്തിനോ നേരിട്ട് ബന്ധമില്ലാത്തതാണ്. ഈ പുസ്തകത്തിന്റെ പ്രസാധനത്തിൽ ഉയർന്നുവന്ന വിവാദങ്ങൾ ഏറെ ദൗർഭാഗ്യകരമായി. പ്രസ്തുത വിഷയത്തിൽ എത്രയും വേഗം നീതിപൂർവം പരിഹാരം കാണണമെന്നും അതുവരെ പുസ്തകം പുറത്തിറക്കുന്നതിലെ വിയോജിപ്പും പ്രസാധകരെ അറിയിച്ചിട്ടുണ്ട്.



