- പാർട്ടികൾ തമ്മിൽ പാലിക്കേണ്ട കൊടുക്കൽ വാങ്ങൽ വയനാട്ടിൽ ഉണ്ടാകുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
കോഴിക്കോട്: പി.വി അൻവറും ഡോ. പി സരിനും രണ്ടും രണ്ടാണെന്നും താരതമ്യം വേണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരാളുടെ രാഷ്ട്രീയ നിലപാടിൽ മാറ്റം വന്നാൽ അതിന്റെ അർത്ഥത്തെ വ്യാഖ്യാനിക്കാൻ എല്ലാവർക്കും അവസരമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പൊതുപ്രവർത്തകർക്ക് അധികാരം കൈവരുമ്പോൾ അധികാരത്തിന്റെ ധാർഷ്ട്യത്തിൽ എന്തും ചെയ്യാം, എന്തും പറയാം എന്ന അവസ്ഥ നല്ലതല്ല. പ്രത്യേകിച്ച് ഇടതുപക്ഷ പ്രവർത്തകർക്കെന്നും കണ്ണൂരിലെ സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. അധികാരത്തിന്റെ ഹുങ്കിൽ ഇതുപോലെ പെരുമാറുന്നത് ശരിയല്ലെന്നതാണ് കണ്ണൂരിലെ എ.ഡി.എം നവീൻ സംഭവം വിളിച്ചുപറയുന്നത്. ദിവ്യ പാഠം ഉൾക്കൊള്ളുമെന്നാണ് കരുതുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഹരിയാനയിലും വയനാട്ടിലും കോൺഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യാ സഖ്യത്തിലെ പ്രധാന കക്ഷിയായ സി.പി.ഐക്കെതിരെ കോൺഗ്രസ് മത്സരിക്കുന്നതിലൂടെ മുന്നണിയെ ദുർബലപ്പെടുത്തുകയാണ്. വയനാട്ടിലേത് കോൺഗ്രസിന്റെ രാഷ്ട്രീയ വിവേകത്തിന്റെ പ്രശ്‌നമാണ്. ആർ.എസ്.എസ് രാഷ്ട്രീയത്തെ ചെറുക്കാനുള്ള കുന്തമുനയാണ് ഇന്ത്യ മുന്നണി. പാർട്ടികൾ തമ്മിൽ പാലിക്കേണ്ട കൊടുക്കൽ വാങ്ങൽ വയനാട്ടിൽ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.