തിരുവവന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ മാറ്റുന്നതിന് മുഹൂർത്തം കുറിച്ചുവച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എ.ഡി.ജി.പിക്കെതിരായ സർക്കാർ നടപടി നീണ്ടുപോകുന്ന സാഹചര്യത്തിൽ സി.പി.ഐയുടെ അടുത്ത നീക്കം എന്താണെന്ന് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇക്കാര്യത്തിൽ സി.പി.ഐ നിലപാടാണ് പ്രധാനം. നിലപാടിന്റെ പക്ഷമാണ് ഇടതുപക്ഷം. അതിന്റെ പാർട്ടിയാണ് സി.പി.ഐ. എ.ഡി.ജി.പിയുടെ അന്വേഷണ റിപോർട്ട് വന്നുകഴിഞ്ഞാൽ അതിന്റെ വെളിച്ചത്തിൽ ഇടതു സർക്കാർ എന്താണോ ചെയ്യേണ്ടത് അതായിരിക്കും ചെയ്യുകയെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
എ.ഡി.ജി.പി വിഷയത്തിൽ സി.പി.ഐക്കും ഇടതു മുന്നണിക്കും നല്ല നിലപാടുണ്ട്. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത്കുമാറിനെ മാറ്റണമെന്നതാണ് സി.പി.ഐ നിലപാട്. എൽ.ഡി.എഫിന്റെ ഭാഗമാണ് സി.പി.ഐ. ആ സി.പി.ഐക്ക് എൽ.ഡി.എഫിന്റെ നയങ്ങളെയും കാഴ്ചപ്പാടുകളെയും ഉയർത്തിപ്പിടിക്കാൻ അറിയാം. ഏതു വിഷയത്തിലും ഇടതുപക്ഷ പരിഹാരമല്ലാതെ മറ്റൊരു പരിഹാരവും സി.പി.ഐക്കില്ല. ഇടതുപക്ഷ പരിഹാരമെന്നു പറയുന്നത് അത് എപ്പോഴും ന്യായത്തിന്റെയും നീതിയുടെയും ഭാഗത്തായിരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
എ.ഡി.ജി.പിയെ മാറ്റുന്നതിൽ സി.പി.ഐ നിലപാട് വളരെ ശക്തമായി പാർട്ടി നേരത്തെ മുഖ്യമന്ത്രിയെ അറിയിച്ചതാണ്. എന്നാൽ, തുടക്കം മുതലേ എ.ഡി.ജി.പിയെ സംരക്ഷിച്ച മുഖ്യമന്ത്രി അന്വേഷണ റിപോർട്ട് ലഭിക്കട്ടേ എന്ന സാങ്കേതികത്വത്തിൽ പിടിച്ച് വിഷയം സങ്കീർണമാക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട എ.ഡി.ജി.പിയുടെ അന്വേഷണ റിപോർട്ടിന് അനുബന്ധമായി ഡി.ജി.പി കുറിച്ച നാലു വീഴ്ചകൾ മാത്രം മതി എ.ഡി.ജി.പിയെ സ്ഥാനത്തുനിന്ന് നീക്കാനെന്നിരിക്കെ മുഖ്യമന്ത്രി ഇക്കാര്യത്തിൽ അനാവശ്യമായ പിടിവാശിയാണ് കാണിച്ചതെന്ന് മുന്നണിക്കകത്തും പുറത്തും ശക്തമായ വിമർശങ്ങളുണ്ട്. എ.ഡി.ജി.പിയുടെ തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായ അന്വേഷണ റിപോർട്ട് തള്ളേണ്ടി വന്നിട്ടുപോലും മുഖ്യമന്ത്രി എ.ഡി.ജി.പിയുടെ സീറ്റിന് ഇളക്കമുണ്ടാവാതിരിക്കാൻ വാശി പിടിക്കുകയാണുണ്ടായത്.
പോലീസിലെ രണ്ടാമനെതിരെ ഒന്നിലധികം ഗുരുതരമായ ആരോപണങ്ങൾ കൺമുമ്പിലുണ്ടെന്നിരിക്കെ, അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യാനുള്ള ധൈര്യം പോലും മുഖ്യമന്ത്രി കാണിക്കാത്തത് ഇവർ തമ്മിലുള്ള അന്തർധാര ശക്തമാണെന്ന ആരോപണങ്ങൾക്കും എരിവ് പകരുന്നുണ്ട്. സി.പി.എമ്മിൽ പലർക്കും മുഖ്യമന്ത്രിയുടെ നിലപാട് ശരിയായില്ലെന്ന് അഭിപ്രായമുണ്ടെങ്കിലും അത് തുറന്ന് പറയാനോ പാർട്ടിക്ക് തിരുത്തൽ ശക്തിയാകാനോ സാധിക്കുന്നില്ല എന്നതാണ് വസ്തുത.