- മുനമ്പത്ത് മതമേലധ്യക്ഷന്മാരിൽ ചിലരുടെ ഭാഷ ക്രിസ്തുവിന്റേതല്ല. രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും മതം മതത്തിന്റെ വഴിക്കും പോകണം. ബി.ജെ.പിയുടെ കെണിയിൽ തലവയ്ക്കുന്ന ക്രിസ്തീയ മതമേധാവികൾ സുവിശേഷ പ്രചാരകനായ ഗ്രഹാം സ്റ്റെയ്ൻസിനേയും ഫാദർ സ്റ്റാൻ സ്വാമിയേയും മറന്നു പോകരുതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ധാർഷ്ഠ്യ രാഷ്ട്രീയത്തിന്റെ കമ്മിഷണറാകുന്നുവെന്നും സി.പി.ഐ നേതാവ് ബിനോയ് വിശ്വം.
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി ‘ധാർഷ്ഠ്യ രാഷ്ട്രീയത്തിന്റെ കമ്മിഷണറായി’ സ്വയം മാറുകയാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഭ്രാന്തമായ മുസ്‌ലിം വിരോധത്തിന്റെയും കപടമായ ക്രിസ്ത്യൻ സ്‌നേഹത്തിന്റെയും ഭാഷയാണ് കേന്ദ്രമന്ത്രിയിലൂടെ ബി.ജെ.പി പുറത്തുവിടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മുനമ്പത്ത് ഒരാളെപ്പോലും ഇറക്കി വിടില്ലെന്നതാണ് ഇടത് നയം. നിയമപരമായും ഭരണപരമായും സാമൂഹികമായും അതിനുള്ള വഴികളാണ് സർക്കാർ ആരായുന്നത്. ആ പരിശ്രമങ്ങളെ അട്ടിമറിക്കാനും മുസ്‌ലിം-ക്രിസ്ത്യൻ സ്പർധ കുത്തിവയ്ക്കാനുമാണ് ബി.ജെ.പി പാടുപെടുന്നത്. അതറിയാതെ അവരുടെ കെണിയിൽ തലവയ്ക്കുന്ന ക്രിസ്തീയ മതമേധാവികൾ സുവിശേഷ പ്രചാരകനായ ഗ്രഹാം സ്റ്റെയ്ൻസിനേയും ഫാദർ സ്റ്റാൻ സ്വാമിയേയും മറന്നു പോകരുതെന്നും ബിനോയ് വിശ്വം ഓർമിപ്പിച്ചു.
മുനമ്പത്ത് മതമേലധ്യക്ഷന്മാരിൽ ചിലരുടെ ഭാഷ ക്രിസ്തുവിന്റെ ഭാഷയല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും മതം മതത്തിന്റെ വഴിക്കും പോകണം. പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥി മുനമ്പത്തേക്ക് ഓടിയത് ആത്മാർത്ഥത കൊണ്ടല്ലെന്നും മണ്ഡലത്തിലെ മാറ്റം തിരിച്ചറിഞ്ഞുളള പരക്കം പാച്ചിലാണതെന്നും ബിനോയ് വിശ്വം പറഞ്ഞു.
മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള നീക്കത്തിൽ നിന്ന് ബി.ജെ.പി നേതൃത്വം പിന്തിരിയണം. പാലക്കാട്ടെ പെട്ടിവിവാദത്തെ ജനം തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.