എറണാകുളം– ബിഹാറിനെ ബീഡിയോട് ഉപമിച്ച് കോൺഗ്രസ് കേരള ഘടകം നടത്തിയ സമൂഹമാധ്യമ പോസ്റ്റ് വിവാദമായതിനെ തുടർന്ന് വി.ടി. ബൽറാം കെപിസിസി ഡിജിറ്റൽ മീഡിയാ വിഭാഗത്തിന്റെ ചുമതല രാജിവെച്ചു. ‘ബീഡിയും ബിഹാറും ‘ബി’യിൽ തുടങ്ങുന്നു, ഇനി അതിനെ പാപമായി കണക്കാക്കാനാവില്ല’ എന്ന പോസ്റ്റാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. ആർജെഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് പോസ്റ്റിനെ തെറ്റെന്ന് വിമർശിച്ചിരുന്നു.
വിവാദത്തെ തുടർന്ന് കോൺഗ്രസ് പോസ്റ്റ് നീക്കം ചെയ്യുകയും സമൂഹമാധ്യമങ്ങളിൽ മാപ്പ് അപേക്ഷിക്കുകയും ചെയ്തു. മോദിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ വിമർശിക്കാൻ ഉദ്ദേശിച്ച പോസ്റ്റ് വളച്ചൊടിക്കപ്പെട്ടതായും, ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായും കേരള ഘടകം വിശദീകരിച്ചു.
പോസ്റ്റിൽ ജാഗ്രതക്കുറവും അപാകതയും ഉണ്ടായതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സമ്മതിച്ചു. വി.ടി. ബൽറാം സോഷ്യൽ മീഡിയാ ചുമതലയിൽ നിന്ന് മാറാൻ സന്നദ്ധത പ്രകടിപ്പിച്ചതായും, കെപിസിസി ഡിജിറ്റൽ മീഡിയാ വിഭാഗം പുനഃസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.